ഒരു ഫ്രഞ്ച് സ്മൃതിവിഭ്രമം
മൂകനായ ഒരു കാഴ്ചക്കാരനെ പോലെ എല്ലാം കണ്ടുകൊണ്ട് അനാദികാലം മുതൽക്കേ മയ്യഴിപ്പുഴ ഒഴുകുകയാണ്. പറങ്കികളും ഇംഗ്ലീഷുകാരും പരന്ത്രീസുകാരും വരുന്നതിന് മുൻപേ ,മയ്യഴി ജനിക്കുന്നതിനും മുൻപേ സഹസ്രാബ്ദങ്ങളായി ഇത് തുടരുകയാണ്. പുഴ ഒന്നും മറന്നിട്ടില്ല ; പോണ്ടിച്ചേരിയിൽ നിന്നും വന്ന ഫ്രഞ്ച് പടയും തലശ്ശേരി കോട്ടയിലെ ഇംഗ്ലീഷ് പട്ടാളവും മയ്യഴിയുടെ ഇത്തിരി മണ്ണിനുവേണ്ടി പോരടിച്ചതും കടത്തനാട്ട് രാജാവും ഫ്രഞ്ചുകാരും പലപ്രാവശ്യം ഏറ്റുമുട്ടിയതും ,നായർ പടയുടെയും വെള്ളപ്പടയുടെയും ചുവന്ന ചോര പുഴ വെള്ളവുമായി കലങ്ങിച്ചേർന്നൊഴുകിയതും ,ഒന്നും അത് മറന്നിട്ടില്ല. പുഴയുടെ കാതിലിപ്പോഴും കുതിര ക്കുളമ്പടി മുഴങ്ങുന്നുണ്ട് ; പാതാറിന്റെയും ലബൂർദ്ദനയുടെയും മാതാവിന്റെ പള്ളിയുടെയും മുന്നിലൂടെ വീഞ്ഞിന്റെ ലഹരിയിൽ മയങ്ങുന്ന വെള്ളക്കാരന്റെ ഭാരവും പേറി തലങ്ങും വിലങ്ങും ഓടിയ കുതിരകളുടെ കുളമ്പടികൾ!
കരുത്തൻ കാലുകൾ അകറ്റി വെച്ച് തനിക്ക് മുകളിൽ നിവർന്നു നിൽക്കുന്ന കോൺക്രീറ്റിന്റെ കൂറ്റൻ പാലത്തിൽ കൂടി പ്രേതങ്ങൾ പോലും ഇറങ്ങാത്ത പാതിരാവിൽ ലഹരിയുടെ രഹസ്യ ഭരണികളുമായി വിഷപ്പുക തുപ്പിക്കൊണ്ട് ഓടി അകലുന്ന കൂറ്റൻ വാഹനങ്ങൾ പുഴയെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്താറുള്ളത്. എന്നിട്ടും എല്ലാ മാലിന്യങ്ങളുടെയും പ്രതീകങ്ങളെ കുറ്റബോധത്തോടെയെന്നോണം തന്റെ മാറിൽ ചേർത്തുപിടിച്ചുകൊണ്ട് എല്ലാറ്റിനും മുകസാക്ഷിയായി മയ്യഴിപ്പുഴ ഇപ്പോഴും ഒഴുകുകയാണ് .രാവെന്നോ പകലെന്നോ ഇല്ലാതെ വാഹനങ്ങൾ കുതിച്ചു പായുന്ന പാലത്തിന്റെ ഫുട്പാത്തിലെ ആൾത്തിരക്കിനിടയിലൂടെ , എൺപത് കഴിഞ്ഞ വാസുവേട്ടൻ വേച്ച് വേച്ച് നടന്നു. തന്റെ ശുഷ്കിച്ച ശരീരം താങ്ങാൻ ഊന്നുവടി ഉണ്ടായിട്ടും പാലത്തിന്റെ മറ്റേ അറ്റത്ത് എത്തുന്നതിനിടയിൽ പലപ്രാവശ്യം അയാൾ നിന്നു കിതച്ചു .കൈവരിയുടെ അവസാനത്തെ തൂണിലെ പിടിയും വിട്ട് മുന്നോട്ട് നീങ്ങിയ നേരത്ത്, അദ്ദേഹത്തിന് പിന്നിൽ സായാഹ്നവെയിൽ അസ്തമിക്കാൻ തയ്യാറെടുക്കുകയായിരുന്നു.
കോൺക്രീറ്റ് പാലം കടന്ന് ചെല്ലുന്നത് ഫ്രഞ്ചുകാരന്റെ മണ്ണിലേക്കാണ്. നാടുവാഴികളെ തമ്മിലടിപ്പിച്ച് ഡച്ചുകാരും, ഡച്ചുകാരിൽ നിന്ന് ഇംഗ്ലീഷ്കാരും, ഇംഗ്ലീഷ് കാരെ തോൽപ്പിച്ച് പരന്ത്രീസുകാരും കയ്യടക്കിയ മയ്യഴി എന്ന ഇത്തിരി മണ്ണ്!
ഫ്രഞ്ച് മണ്ണിൽ ചവിട്ടിയതോടെ എന്തോ ഒരു ചൈതന്യവും ഊർജ്ജവും അയാളുടെ വൃദ്ധ ഞരമ്പുകളിലൂടെ ഇരച്ചു കയറി .ഏറെ നേരമായി തന്റെ പാഴ്മനസ്സിൽ തടംകെട്ടി നിന്നിരുന്ന അമർഷവും വേദനയുമെല്ലാം പൊടുന്നനെ അയാളിൽ നിന്നും പുറത്തേക്ക് ചാടിയത് പോലെ തോന്നി . അത്രയുംനേരം തന്നെ നടക്കാൻ സഹായിച്ച ഊന്നുവടി വായുവിൽ ഉയർത്തിക്കൊണ്ട് ആ പടു വൃദ്ധൻ ഉച്ചത്തിൽ വിളിച്ചു പറയാൻ തുടങ്ങി:
"നേതാജി സുഭാഷ് ബോസ് കീ ജയ് !
"ഭാരത് മാതാ കീ ജയ് !"
ഉച്ചത്തിൽ രണ്ടാവർത്തി അങ്ങനെ വിളിച്ചു കഴിഞ്ഞപ്പോൾ ഏതോ സംതൃപ്തിയുടെ തളർന്ന നിശ്വാസം മെലിഞ്ഞുണങ്ങിയ ആ മനുഷ്യനിൽ നിന്നും പുറത്തേക്ക് വന്നു . പാലത്തിന്റെ അരികിൽ തന്നെയുള്ള മുപ്പത്തിയെട്ടാം നമ്പർ റോയൽ ക്വീൻ ബാറിൽ നിന്നും മദ്യലഹരിയിൽ ഒരു ചെറുപ്പക്കാരൻ വിളിച്ചുകൂവി :
"വാസുവേട്ടാ ,പോലീസ് !"
പോലീസിന്റെ പേർ കേട്ടപാടെ വാസുവേട്ടന്റെ ഊന്നുവടി വീണ്ടും വായുവിലേക്കുയർന്നു .എന്തൊക്കെയോ തെറികൾ വിളിച്ചുപറഞ്ഞുകൊണ്ട് പൂർവാധികം ഉച്ചത്തിൽ തന്റെ പഴയ പല്ലവി അയാൾ ആവർത്തിച്ചു .ചുവന്ന തൊപ്പിയിട്ട, മൂപ്പൻ സായിപ്പിന്റെ പീറ പോലീസുകാർക്ക് തന്നെ ഒന്നും ചെയ്യാൻ ആവില്ലെന്ന് വാസുവേട്ടന് നല്ല ബോധ്യമുണ്ടായിരുന്നു. തനിക്ക് പിന്നിൽ പാലത്തിന്നക്കരെ ആയിരക്കണക്കിന് സമര വളണ്ടിയർമാർ ത്രിവർണ പതാകകളും ഏന്തി അണിനിരന്നിട്ടുണ്ടെന്ന കാര്യം പാവം പോലീസുകാർക്ക് അറിയില്ലല്ലോ എന്ന കാര്യമോർത്ത് അയാൾ ഉള്ളാലെ ചിരിച്ചു ! നേർത്തുവളഞ്ഞ ശരീരം ഊന്നുവടിയിൽ താങ്ങി റ്യൂദ് റസീദാംസിലൂടെ വാസുഏട്ടൻ മുന്നോട്ടു നീങ്ങി . റോഡിന്നപ്പുറത്തുള്ള പോണ്ടി ഡീലക്സ് ബാറിന്റെ കൗണ്ടറിന്നു പുറത്ത് വിസ്കി ഗ്ളാസ്സും കയ്യിലേന്തി നിൽക്കുകയായിരുന്ന ഒരു എഴുപത്കാരൻ വാസുവേട്ടനെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു :
"എങ്ങനെയൊക്കെ കഴിയേണ്ടുന്ന ആളായിരുന്നു ! വാസ്വേട്ടന്റെ അനിയൻ ഇപ്പം ഉണ്ടായിരുന്നെങ്കിൽ മയ്യേലെ മന്ത്രിയല്ല, പോണ്ടിച്ചേരീലെ മുഖ്യമന്ത്രി തന്നെ ആയേനേ ! എന്തൊരു പ്രസംഗായിരുന്നു , എന്തൊരു ഐശ്വര്യായിരുന്നു ! മയ്യേലെ ചന്ദ്രബോസ് എന്നായിരുന്നില്ലേ എല്ലാരും അയാളെ വിളിച്ചിരുന്നത് ! ഒക്കെ ഓരോ യോഗാ!"
പ്രിയപ്പെട്ട അനുജൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വാസുഏട്ടനും ഭാര്യ സാവിത്രിയും ഏറെക്കാലം കണ്ണീരൊഴുക്കി കാത്തിരുന്നു . പത്ത് വർഷം മുമ്പ് ഭാര്യയും യാത്രയായതോടെ തനിച്ചായ വാസുവേട്ടൻ കോടിയേരിയിലുള്ള ബന്ധുക്കളുടെ കൂടെയായി താമസം. എല്ലാറ്റിനും കാരണക്കാരൻ പണ്ടെന്നോ സ്വർഗംപൂകിയ ഗാന്ധിജിയാണെന്ന് വാസുവേട്ടൻ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും ഗാന്ധിജി ഇന്നും അദ്ദേഹത്തിന്ന് ദൈവതുല്യൻ തന്നെയാണ്.! മൂപ്പൻ സായിപ്പിനെതിരെ സമരം ചെയ്യേണ്ടിയിരുന്നില്ലായെന്നും മയ്യഴിയിൽ നിന്നും ഫ്രഞ്ച്കാരെ ഓടിക്കേണ്ടായിരു ന്നെന്നും അബോധമനസ്സ് ചിലപ്പോഴൊക്കെ അയാളോട് മന്ത്രിക്കാറുണ്ട് .
ഫ്രഞ്ച് ഭരണകാലത്ത് മയ്യഴിയിൽ അഞ്ചോ ആറോ വീഞ്ഞുകടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ജനകീയഭരണം വന്നതിൽ പിന്നെ മയ്യഴി നിറയെ മദ്യക്കടകളായി. കവലകളും തെരുവുകളും നിറഞ്ഞുകവിഞ്ഞ് ഇടവഴികളിലേക്ക് അവ ചേക്കേറിയിരിക്കുന്നു . കയ്പയും വെണ്ടയും വെള്ളരിയും നിറഞ്ഞു നിൽക്കാറുള്ള ശരത്കാലത്തിലെ വയലുകളും , മാങ്ങയും തേങ്ങയും കായ്ച്ചു നിൽക്കാറുള്ള റോഡരികിലെ പറമ്പുകളും പെട്രോൾ പമ്പുകാരുടെ കൂറ്റൻ കിണറുകൾ ക്കടിയിലേക്ക് താണുപോയിരിക്കുന്നു.
വെറുമൊരു വയനാടൻ കാപ്പിത്തോട്ടത്തിന്റെ വിസ്തീർണ്ണമുള്ള മയ്യഴി ഒരു സംസ്ഥാനത്തിലെ പുരുഷാരത്തെയാകെ ഭ്രാന്ത് പിടിപ്പിക്കാനുള്ള മദ്യക്കുപ്പികളുമായി കാത്തിരിക്കുകയാണ്. പണ്ടെന്നോ വെള്ളക്കാർക്ക് നേരം പോക്കിന്നു സേവിക്കാനായി തെരുവോരത്ത് തുറന്നു വെച്ച വീഞ്ഞുകടകൾ ഒരു നാടിന്റെ മഹാദുരിതവും തലമുറകളുടെ നിത്യ ശാപവുമാക്കി മാറ്റിയത് വെള്ളക്കാരല്ല; കറുത്തവരായ നമ്മൾ ഇന്ത്യക്കാർ തന്നെയാണ് . "കൊറമ്പീ കൊറമ്പീ ഇച്ചിരി പൊടി തര്വോ '" എന്ന് ചോദിച്ചുകൊണ്ട് റ്യൂദ് റസിദാംസിലൂടെ വെള്ളക്കുതിരവണ്ടിയിൽ വന്നിറങ്ങാറുള്ള ലസ്ലി സായ്‌വിന്റെ മയ്യഴി എന്നോ മരിച്ചു പോയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മേനിയിൽ പൊട്ടിയൊലിച്ചു നിൽക്കുന്ന ഒരു അർബുദക്കുരുവാണ് ഇന്ന് മയ്യഴി!
നേരം ഇരുട്ടിയിരിക്കുന്നു. ആരൊക്കെയോ സൗജന്യമായി കൊടുത്ത മദ്യം നൽകിയ ഉത്തേജനം ഉള്ളിലൊതുക്കി എറെയൊന്നും ശബ്ദിക്കാതെ വാസുവേട്ടൻ തിരിച്ചു നടന്നു . ഊന്നുവടി വായുവിലുയർത്താനാകാതെ നിലത്ത് മുറുകെ കുത്തിപ്പിടിച്ചുകൊണ്ട് സാവധാനം അയാൾ നീങ്ങുകയാണ് . മയ്യഴിയിലെ വിലക്കുറവുള്ള ഇന്ധനം നിറയ്ക്കാൻ പക്ഷികളെ പോലെ കൂട്ടമായി വരികയും നിറവയറുമായി തിരിച്ചു പോവുകയും ചെയ്യുന്ന ചെറുതും വലുതുമായ വാഹനങ്ങളുടെ വെളിച്ചവും ഇരമ്പലും ഇരുട്ടുമായി കൂടിച്ചേരുന്നു . എല്ലാ മദ്യക്കടകളിൽ നിന്നും ശബ്ദ , കോലാഹലങ്ങളുടെ ചീളുകൾ പുറത്തേക്ക് തെറിച്ച് വീണുകൊണ്ടിരിക്കുന്നു.
പാലത്തിന്റെ ഓരത്തിലെ ഫൂട്പാത്തിന്റെ കൈവരിയിൽ പിടിച്ചുകൊണ്ട് വാസുവേട്ടൻ അൽപനേരം നിന്നു . ഫുട്പാത്തിൽ ഇപ്പോൾ തിരക്കൊഴിഞ്ഞിരിക്കുന്നു . പുഴക്കക്കരെ ശാന്തമായി ഉറങ്ങുന്ന സ്വതന്ത്ര ഇന്ത്യൻ യൂണിയൻ. വാസുവേട്ടന്റെ വൃദ്ധമനസ്സിലപ്പോൾ നിറഞ്ഞുനിന്നത് ഗാന്ധിജിയോ മൂപ്പൻസായിപ്പോ ഫ്രഞ്ച് പോലീസ്സോ ഒന്നും ആയിരുന്നില്ല .വർഷങ്ങൾക്കു മുമ്പ്, തന്നെ വിട്ടു പിരിഞ്ഞു പോയ പ്രിയപ്പെട്ട ഭാര്യ സാവി ത്രിയും മയ്യഴിക്കു വേണ്ടി മരിച്ച തന്റെ എല്ലാമായിരുന്ന അനുജൻ പ്രഭാകരനും മാത്രമായിരുന്നു . കൈവരിയിലെ പിടുത്തവും വിട്ട് ഇടറുന്ന കാൽവെപ്പുകളോടെ അയാൾ മുന്നോട്ടു നീങ്ങി. അയാൾക്ക് പിന്നിൽ ഫ്രഞ്ച് മയ്യഴി അപ്പോഴും ഇരമ്പുകയായിരുന്നു. എല്ലാറ്റിനും സാക്ഷിയായി മൂകയായി ഒഴുകുന്ന ഇരുണ്ട മയ്യഴിപ്പുഴയും !
.jpg)
.jpg)

Comments
Post a Comment