പഞ്ചാര കിണറുകളുടെ നഗരം

        "ബോസ്റ്റൺ ടീ പാർട്ടി" എന്ന  കുപ്രസിദ്ധമായ ചരിത്ര സംഭവം നടന്നത് 1773 -ൽ അമേരിക്കയുടെ മസാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ ബോസ്റ്റൺ പട്ടണത്തിലായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ഗർവ്വോടെ ലോകം അടക്കി വാണ ബ്രിട്ടനെതിരെ അവരുടെ കോളനിയായിരുന്ന അമേരിക്കയിലെ കൊച്ചു പട്ടണമായ ബോസ്റ്റണിലെ പൗരന്മാർ നടത്തിയ ഒരു രാഷ്ട്രീയ സമര പരിപാടിയായിരുന്നു അത്. തേയിലക്ക് ബ്രിട്ടൻ നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ,ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പലിൽ വന്ന മുന്നൂറ്റി അൻപതോളം കൂറ്റൻ തേയിലപ്പെട്ടികൾ  രോഷാകുലരായ  ജനം അന്ന് ബോസ്റ്റൺ  ഹാർബറിലെ കടലിൽ തള്ളുകയായിരുന്നു. തേയില വെള്ളത്തിലിട്ട ആ സമരപരിപാടിക്ക് "ബോസ്റ്റൺ ടീ പാർട്ടി" എന്ന് പിൽക്കാലത്ത് ചരിത്രകാരന്മാർ  പേരിട്ടു.

        ബോസ്റ്റൺ ടീ പാർട്ടി കഴിഞ്ഞ് നൂറു വർഷം തികയുന്ന വേളയിൽ സമാനമല്ലെങ്കിലും ചില സാമ്യങ്ങളൊക്കെയുള്ള ഒരു സംഭവം ബ്രിട്ടീഷ് മലബാറിലെ തലശ്ശേരി പട്ടണത്തിലും നടന്നു. ബോസ്റ്റണിൽ തേയിലപ്പൊടി കടലിൽ തള്ളുകയാണു ണ്ടായതെങ്കിൽ തലശ്ശേരിയിൽ അനേകം ചാക്കുകളിൽ  കൊണ്ടുവന്ന പഞ്ചസാര ശുദ്ധമായ കിണർ വെള്ളത്തിലേക്ക് ചൊരിയുകയാണുണ്ടായത്. ആദ്യത്തേത് കോളനിവാഴ്ചക്കെതിരെയുള്ള സമരപരിപാടികളുടെ ഭാഗമായിരുന്നെങ്കിൽ തലശ്ശേരിയിലേത് അതിർവരമ്പുകളില്ലാത്ത മാനവ സ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും തെളിനീരൊഴുക്കിന്  മധുരം പകരലായിരുന്നു.

        ഈസ്റ്റിന്ത്യാ കമ്പനിയുടെ പശ്ചിമ തീരത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായിരുന്നു തലശ്ശേരി .ബ്രിട്ടീഷ് മലബാറിന്റെ തലസ്ഥാനം കോഴിക്കോട് ആയിരുന്നെങ്കിലും തലശ്ശേരി അവരുടെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രവും തന്ത്രപ്രധാന പട്ടണവും ആയിരുന്നു.  വ്യാപാരാർത്ഥം ഇവിടെയെത്തിയ പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും തലശ്ശേരിയിൽ പാണ്ടികശാലകൾ പണിതിരുന്നെങ്കിലും പാശ്ചാത്യർക്ക് മുമ്പേതന്നെ അറബികളും ജൂതന്മാരും പാർസികളും സുഗന്ധവ്യജ്ഞനങ്ങൾ തേടി ഇവിടെ എത്തിയിരുന്നു. യൂറോപ്യന്മാർ  ഇവിടെ വരുന്ന കാലത്ത് തലശ്ശേരി കടലിൽ നാട്ടുകാരായ കേയിമാരെ പോലെയുള്ള വർത്തകപ്രമാണിമാരുടെ കൂറ്റൻ പത്തേമാരികളും ഉരുക്കളുമുണ്ടായിരുന്നു. അറേബ്യ, പേർഷ്യ ,ചൈന ,ആംസ്റ്റർഡാം, അമേരിക്ക എന്നീ രാജ്യങ്ങളുമായി അക്കാലത്തുതന്നെ തലശ്ശേരിക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു.

        മൂന്നര നൂറ്റാണ്ടുകൾക്കുമുമ്പ് കണ്ണൂർ ചൊവ്വയിൽ നിന്നും തലശ്ശേരിയിലേക്ക് കുടിയേറിപ്പാർത്ത ആലുപ്പി കേയിയും മരുമകൻ മൂസ്സയുമാണ് തലശ്ശേരിയുടെ വാണിജ്യ ചരിത്രത്തിലെ രജത ബിന്ദുക്കൾ. ഈസ്റ്റിന്ത്യാ കമ്പനി കോട്ടയും പാണ്ടികശാല കളും നിർമ്മിച്ചതോടെ സുഗന്ധദ്രവ്യങ്ങളുടെ കേദാരങ്ങളായ പഴശ്ശിയുടെ കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിൽ നിന്നും വയനാട് മലനിരകളിൽ നിന്നും കുരുമുളക്, ഏലം, ഗ്രാമ്പൂ ,കാപ്പി, പുൽതൈലം ,ചന്ദനം  എന്നിവ പാണ്ടികശാലകളിൽ കുമിഞ്ഞ് കൂടുകയും തലശ്ശേരി തുറമുഖം വഴി പുറം രാജ്യങ്ങളിലേക്ക് പ്രവഹിക്കുകയും ചെയ്തു.  ഈ കാലഘട്ടത്തിൽ തന്നെയാണ് തലശ്ശേരിയുടെ യശസ്സ് ഉയർത്തിയ 'ടെലിച്ചറി ബാർക്ക്' (Tellicherry Bark)എന്ന അഞ്ചരക്കണ്ടി കറപ്പത്തോൽ ലോക കമ്പോളത്തെ കീഴടക്കുന്നത് .ലോകത്ത് പലയിടത്തും കറപ്പതൈലം നിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും സ്വർണ്ണ വർണ്ണത്തിലുള്ളതും ഇത്രയേറെ യൂജിനോൾ അടങ്ങിയിരിക്കുന്നതുമായ കറപ്പതൈലം ലോകത്തിലെ ഏറ്റവും വലിയ കറപ്പത്തോട്ടമായ അഞ്ചരക്കണ്ടിയിൽ നിന്ന് ഉൽപാദിപ്പിച്ചിരുന്ന 'ടെലിച്ചറി ബാർക് ഓയിൽ' തന്നെയായിരുന്നു.

        ഇന്ത്യയിൽ ഏറ്റവും മേത്തരം കുരുമുളകിനുള്ള അഗ് മാർക്ക് (Agmark),T G E B ആണ്. Tellicherry Garbled  Extra Bold എന്നാണ് അതിന്റെ മുഴുവൻ പേര്. തലശ്ശേരിയിൽ തരംതിരിച്ച വലിയ കുരുമുളക് എന്നർത്ഥം .പാണ്ടികശാലക ളിൽ എത്തുന്ന കുരുമുളക് സമീപത്തെ വിശാലമായ കളങ്ങളിൽ വെയിലിൽ ഉണക്കി വൃത്തിയാക്കി വലിയ അരിപ്പകളിലിട്ട് വലുതും ചെറുതും ആയി തരം തിരിച്ച്, വലിയ കുരുമുളക് തലശ്ശേരി കുരുമുളക് എന്ന പേരിൽ പ്രത്യേക ബ്രാൻഡ് ആയി ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകുകയും കമ്പനി അത് യൂറോപ്പിലും അമേരിക്കയിലും വില്പന നടത്തുകയും ചെയ്തു . ഇന്നും ലോകത്തിലെ ഏറ്റവും നല്ല കുരുമുളകിന്റെ വ്യാപാരമുദ്ര (Brand name)  ടെലിച്ചറി പെപ്പർ ആണ് .അക്കാലത്ത് തലശ്ശേരി തുറമുഖത്തിന്റെ വാർഷിക കയറ്റുമതി ആറു ലക്ഷത്തിലധികം ടണ്ണായിരുന്നു! ലോകത്തിലെ ഏറ്റവും നല്ല ഇനം കുരുമുളക് ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെട്ടിരുന്നത്  തലശ്ശേരിയിൽ നിന്നായിരുന്നു. തലശ്ശേരി കുരുമുളകിന്റെ ഈ ഖ്യാതിക്ക് കാരണം ആലുപ്പികേയിയെപോലുള്ള വ്യാപാരികൾ നടപ്പാക്കിയ ഗുണനിലവാരതന്ത്രമായിരുന്നു. ആലുപ്പികേയി തുടങ്ങിവച്ച കുരുമുളക് വ്യാപാരം അദ്ദേഹത്തിന്റെ പിൻഗാമി, മരുമകൻ മൂസ്സക്കാക്കയുടെ കയ്യിലെത്തിയപ്പോൾ പതിന്മടമടങ്ങിലേറെയായി. കടൽപാലം വന്നതോടെ തലശ്ശേരി തുറമുഖത്തിന്റെ തിരക്കും കച്ചവടരംഗത്തെ മൂസ്സക്കാക്കയുടെ വളർച്ചയും അതിവേഗത്തിലായിരുന്നു. ബുദ്ധിമാനായ മൂസ്സക്കാക്ക ഒരേസമയം പഴശ്ശിരാജയുമായും ഈസ്റ്റിന്ത്യാ കമ്പനിയുമായും  നല്ല ബന്ധം പുലർത്തിയിരുന്നു .ഈസ്റ്റിന്ത്യാ കമ്പനിക്ക് അരിയും മറ്റ് സാധനങ്ങളും നൽകിപ്പോന്നത് മൂസ്സക്കാക്ക ആയിരുന്നു. കമ്പനിക്ക് ആവശ്യമായ ആയിരക്കണക്കിന് രൂപയുടെ സാധനങ്ങൾ മുടങ്ങാതെ നൽകാൻ അദ്ദേഹത്തോളം പോരുന്ന മറ്റൊരു വ്യാപാരി അന്നുണ്ടായിരുന്നില്ല . മൂസ്സക്കാക്കയുമായുള്ള ഇടപാടിൽ കമ്പനിക്ക് പലപ്പോഴും മുഴുവൻ പണവും കൊടുത്തു തീർക്കാൻ കഴിയാതെ വരുമ്പോൾ ബാക്കി പണത്തിന് വാഗ്ദത്ത പത്രം ( Bond)എഴുതി കൊടുക്കാറായിരുന്നു വത്രെ പതിവ്!

        മംഗലാപുരം , ബോംബെ, മദിരാശി, തിരുനെൽവേലി മുതലായ സ്ഥലങ്ങളിൽ തലശ്ശേരി കേയിമാർ തങ്ങളുടെ പ്രതാപകാലത്ത് ധാരാളം എടുപ്പുകളും പള്ളികളും സ്ഥാപിച്ചിട്ടുണ്ട് . മുംബൈയിലെ ഏറ്റവും സമ്പന്നർ താമസിക്കുന്ന മലബാർ ഹിൽ പ്രദേശം തലശ്ശേരികേയിമാർ ബ്രിട്ടീഷുകാർക്ക് കൈമാറ്റം ചെയ്തതാണ്. മുംബൈയിലെ ഈ സ്ഥലത്തിന് മലബാർ ഹിൽ എന്ന പേര് വരാൻ കാരണം  ഈ കേയീ ബന്ധം ആണ് .ഹജ്ജാജിമാർക്കായി മെക്കയിൽ കഅബയ്ക്കടുത്ത് സ്വന്തമായി സ്ഥലം വാങ്ങി മായൻകുട്ടി കേയി പണിയിച്ച ഇരുപത്തിരണ്ട് മുറികൾ ഉണ്ടായിരുന്ന   "കേയീ റൂബാത്ത് "എന്ന പ്രൗഢമായ കെട്ടിടം തലശ്ശേരി കേയീമാരുടെ പ്രതാപത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ്. മക്കയുടെ വികസനത്തിനായി സൗദി ഭരണകൂടം ആ കെട്ടിടവും സ്ഥലവും ഏറ്റെടുത്തതിനുള്ള പ്രതിഫലം സൗദി ട്രഷറിയിൽ നിക്ഷേപിച്ച തുക യുടെ മൂല്യം ഇന്ന് എത്രയോ കോടി കവിഞ്ഞിരിക്കയാണ്.

        ധർമ്മരാജാവ് എന്ന പേരിൽ പ്രസിദ്ധനായിരുന്ന തിരുവിതാംകൂർ മഹാരാജാവുമായി മൂസക്കാക്ക നല്ല സ്നേഹബന്ധത്തിലായിരുന്നു. രാജാവ് മൂസ്സക്കാക്ക് ഹൃദയപൂർവ്വം  നൽകിയ നല്ലയിനം തേക്ക്മരം കൊണ്ടാണ് തലശ്ശേരിയിലെ പ്രസിദ്ധമായ ഓടത്തിൽപള്ളി നിർമ്മിച്ചിരിക്കുന്നത്. ഡച്ചുകാരുടെ കൈവശമുണ്ടായിരുന്ന ഒരു കരിമ്പിൻ തോട്ടമായിരുന്ന ഈ സ്ഥലം പിന്നീട്  ബ്രിട്ടീഷുകാരുടെ അധീനതയിലായി. പള്ളി പണിയാനായി ആ സ്ഥലം മൂസ്സക്കാക്ക ആവശ്യപ്പെട്ടപ്പോൾ സന്തോഷപൂർവ്വം അത് വിട്ടു നൽകാൻ ബ്രിട്ടീഷുകാർ തയ്യാറായെങ്കിലും സൗജന്യമായി കിട്ടിയ സ്ഥലത്ത് പള്ളി പണിയുന്നത് തന്റെ മത സിദ്ധാന്തങ്ങൾക്ക് വിരോധമാണെന്ന് മൂസക്കാക്ക അറിയിച്ചപ്പോൾ നിസ്സാരമായ വില നിശ്ചയിച്ച് മൂസ്സക്കാക്ക് ആ സ്ഥലം കൈമാറുകയാണുണ്ടായത്. പള്ളി പണിയാനായി തിരുവിതാംകൂർ മഹാരാജാവ് കൊടുത്തയച്ച തേക്കുമരം തലശ്ശേരി കടപ്പുറത്ത് ഇറക്കിയത് ആനകൾ വലിച്ചു കൊണ്ടു വന്ന വഴികളാണ് തലശ്ശേരിയിലെ ഇന്നത്തെ ലോഗൻസ് റോഡും മുകുന്ദമല്ലർ റോഡും ആയത്.

        കേരളീയ വാസ്തുശിൽപ രീതിയിൽ പണിത ഈ പള്ളിയുടെ ഒന്നാം നില മുഴുവനും തേക്കിൻ തടി മാത്രം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇരുമ്പാണി ഉപയോഗിക്കാതെ നിർമ്മിച്ച മിമ്പറിലേയും മേൽപ്പുരയിലെയും ദാരുശില്പങ്ങൾ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ശോഭയോടെ നിൽക്കുന്നു. തിരുവിതാംകൂറിലെ തച്ചന്മാരുടെ കരവിരുത് പ്രകടമാകുന്ന വിധത്തിൽ തൂണുകൾ ഇല്ലാതെയാണ് പള്ളിയുടെ അകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാലുഭാഗത്തുനിന്നും ഉള്ള പള്ളിയുടെ പ്രവേശന സൗകര്യം പരിശുദ്ധമായ ഹറം ശരീഫിനെ അനുസ്മരിപ്പിക്കുന്നു .ഹെർമൻ ഗുണ്ടർട്ടിന്റെ പിൻമുറക്കാരനും നോബൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ പെയിൻറിങ്ങുകളിൽ ഓടത്തിൽപള്ളിയുടെ ചിത്രം കാണുന്നുണ്ട്.

        മുഴുക്കെ ചെമ്പുതകിട് പതിച്ച  പള്ളിയുടെ വിശാലമായ മേല്പുരയുടെ മുകളിൽ  സ്ഥാപിക്കാനായി മൂസക്കാക്ക മൂന്ന് സ്വർണ താഴികക്കുടങ്ങൾ ഒരുക്കി വെച്ചിരുന്നുവെങ്കിലും  നിർഭാഗ്യവശാൽ അദ്ദേഹത്തിന് അതിനുള്ള അവസരം കൈവന്നില്ല.  അദ്ദേഹത്തിന്റെ മരണശേഷം അനന്തരവൻ കുഞ്ഞമ്മദ് കേയിയാണ് കണ്ണാടി പാണ്ടികശാലയിൽ സൂക്ഷിച്ചിരുന്ന താഴികക്കുടങ്ങൾക്ക് പുറമെ മൂന്നു സ്വർണ താഴികക്കുടങ്ങൾ കൂടി നിർമ്മിച്ച് 1861-ൽ അത്യന്തം ആർഭാടപൂർണമായ ചടങ്ങുകളോടെ പള്ളിക്ക് മേലെസ്ഥാപിച്ചത്. അക്കാലത്ത്  കേരളത്തിലെ പ്രശസ്തമായ മൂന്നോ നാലോ ഹിന്ദു ക്ഷേത്രങ്ങൾക്ക് മാത്രമേ സ്വർണ താഴികക്കുടങ്ങൾ  ഉണ്ടായിരുന്നുള്ളൂ.

               "........അത് സംബന്ധിച്ച് ഉണ്ടായിരുന്നത് പോലുള്ള ഒരു ആഘോഷം തലശ്ശേരിയിൽ അതിനു മുമ്പും അതിനു ശേഷവും നടന്നിട്ടില്ല എന്നുള്ളത് തീർച്ചയാണ്. 1047- ൽആയിരുന്നു ഈ ആഘോഷം. മലബാറിലുള്ള എല്ലാ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും വലിയ ജന്മികളെയും സർക്കാർ ഉദ്യോഗസ്ഥന്മാരെയും പ്രമാണികളെയും ഇതിനായി ക്ഷണിക്കുകയും അവരിൽ മിക്കവരും ഇതിനു സന്നിഹിതരാകയും ചെയ്തിരുന്നു .അവരെയൊക്കെ ഇരുത്തുവാൻ പ്രത്യേകം ഉണ്ടാക്കി അതി ഭംഗിയായി വിതാനിച്ച പന്തലിനു വേണ്ടി തന്നെ  വളരെ ഉറുപ്പിക ചെലവായിരുന്നു.   നാട്ടുകാരുടെ വകയായി പലവിധ വാദ്യങ്ങളും പാട്ടുകളും കളികളും ഉണ്ടായിരുന്നതിനുപുറമേ കണ്ണൂരിലെ പട്ടാളം വകയായ ബാൻഡും ഉണ്ടായിരുന്നു. നാലുതാവഴികളിലും സംബന്ധപ്പെട്ടിരുന്ന കുടിയാന്മാർ കാഴ്ചയായി കൊണ്ടുവന്നിരുന്ന സാധനങ്ങൾക്ക് അളവ് ഉണ്ടായിരുന്നില്ല .സാധുക്കളും അനവധി വന്നുചേർന്നു. രാജാക്കന്മാർ അവരുടെ അതിവിശേഷമായ വസ്ത്രാലങ്കാര ങ്ങളോടും, പട്ടാള ഉദ്യോഗസ്ഥന്മാർ അവരുടെ പട്ടാള ഉടുപ്പോടും മറ്റുള്ളവർ യഥോചിതം അംബരാഡംബരങ്ങളോടും ഒത്തു ചേർന്നപ്പോൾ ഉണ്ടായ കൗതുകം കണ്ടു കണ്ണു കുളുർത്ത ഭാഗ്യവാന്മാർ ചിലർ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്!
എല്ലാവരും വന്നു ചേർന്നതിനുശേഷം താഴികക്കുടങ്ങൾ ഓരോന്നും ഓരോ ആനപ്പുറത്തു കയറ്റി അതിനുവേണ്ടുന്ന കുട, തഴ, ആലവട്ടം ,വെൺചാമരം എന്നീ ആഡംബരങ്ങളോടുകൂടി നഗരപ്രദക്ഷിണം കഴിച്ച് എല്ലാവരും മടങ്ങി പള്ളിയിൽ ചെല്ലുകയും താഴികക്കുടങ്ങൾ പള്ളിയിന്മേൽ സ്ഥാപിക്കുകയും ചെയ്തു. അന്നു കൂടിയവരെയൊക്കെ ചായ, പലഹാരം എന്നിവ കൊണ്ടുസൽക്കരിച്ചു. സാധുക്കളുടെ സംഖ്യ വളരെയധികം ആയതിനാൽ അവർക്ക് കൊടുക്കുവാൻ നിശ്ചയിച്ച പഞ്ചസാരവെള്ളം കൊടുത്തു നിവർത്തിക്കുവാൻ സാധിക്കയില്ലെന്നു കണ്ടപ്പോൾ പള്ളിയുടെ സമീപത്ത് ഉണ്ടായിരുന്ന കിണറിൽ കുറെ ചാക്ക് പഞ്ചസാര ചൊരിഞ്ഞു കൊടുക്കുകയും അത് മുക്കി കുടിച്ചു കൊള്ളാൻ അനുവാദം നൽകുകയും ചെയ്തു .കിണറ്റിലെവെള്ളം ക്ഷണംകൊണ്ടു വറ്റിപ്പോയി എന്ന് പറയേണ്ടതില്ല. എന്നിട്ടും അന്ന് പഞ്ചസാര വെള്ളം കിട്ടാതിരുന്നവർ ബാക്കിയുണ്ടായിരുന്നു പോൽ" (ഹിസ്റ്ററി ഓഫ് കേയീസ് ഓഫ് മലബാർ - Part.1 1916 ഗ്രന്ഥകർത്താവ് എ പി ഉമ്മർ കുട്ടി)

        ഗ്രന്ഥകാരൻ സൂചിപ്പിച്ചതുപോലെ  മതമൈത്രിയുടെയും പരസ്പരാനുകമ്പയുടെയും ചരിത്രത്തിൽ, ഒരിക്കലും ആവർത്തിക്കപ്പെടാൻ  ഇടയില്ലാത്ത ഒരു മഹത് സംഭവമായിരുന്നു സ്വർണ്ണ താഴികക്കുട പ്രതിഷ്ഠയോടനുബന്ധിച്ച് തലശ്ശേരിയിൽ അരങ്ങേറിയത്. കണ്ണീര് പോലും മലിനമായി മാറിയിരിക്കുന്ന ഇക്കാലത്തായിരുന്നു പള്ളിമുറ്റത്തെ തുറന്ന കിണറിൽ പഞ്ചസാര കലക്കി പൊതുജനത്തിന് കോരിക്കൊടുത്തിരുന്നതെങ്കിൽ , ആതിഥേയരായ പള്ളി കമ്മിറ്റിക്കാർ ക്കെതിരെ നടപടി എടുത്തേനേ!പഞ്ചസാരച്ചാക്കുകൾ കോരിച്ചൊരിഞ്ഞ് പള്ളിമുറ്റത്തെ തെളിനീർകിണറിനെ ഒരു മധുരക്കിണറാക്കി മാറ്റി ഒരു വലിയ ജനതതി ആഹ്ലാദാരവങ്ങളോടെ ആവോളം കോരിക്കുടിച്ചപ്പോൾ തലമുറകളിലേക്ക് നീളുന്ന ഒരു മധുര സ്മരണയായി അത് മാറി.

        ചരിത്രത്തിൽ ഒരിക്കലും ആവർത്തിക്കപ്പെടില്ലെന്ന് കരുതിയ ആ മഹനീയ സംഭവത്തിന്റെ തനിയാവർത്തനത്തിന്ന്  ആറു വർഷങ്ങൾക്കുള്ളിൽ  1867 -ൽതലശ്ശേരി പട്ടണം വീണ്ടും സാക്ഷ്യംവഹിച്ചു .1866 ലായിരുന്നു തലശ്ശേരി മുനിസിപ്പാലിറ്റി നിലവിൽ വന്നത്. അക്കാലത്ത് കോഴിക്കോട് തഹസിൽദാർ ആയിരുന്ന ചൂര്യയി രാമനെന്ന മാന്യദേഹം ചന്ദന വണ്ടിത്താവളം എന്നറിയപ്പെട്ടിരുന്ന ജട്ക്കാ (ഒറ്റകുതിര വണ്ടി )സ്റ്റാൻഡിൽ സ്വന്തം ചെലവിൽ ഒരു കിണർ കുഴിപ്പിക്കുകയും പുതുതായി നിലവിൽ വന്ന മുൻസിപ്പാലിറ്റിക്ക് പൊതുജനങ്ങളുടെ ഉപയോഗാർത്ഥം അത് ദാനം ചെയ്യുകയുമുണ്ടായി .ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനായ ചൂര്യയി കണാരൻ ആദ്യത്തെ ഡെപ്യൂട്ടി കലക്ടറും തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഒന്നാമത്തെ വൈസ് പ്രസിഡണ്ട് പദവിയിലിരുന്ന്    ജനോപകാരപ്രദമായ പല കാര്യങ്ങളും നടപ്പിൽ വരുത്തിയ വ്യക്തിയുമായിരുന്നു .ഒറ്റ കുതിരവണ്ടികളുടെ അന്നത്തെ വിശ്രമസ്ഥലമാണ് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ഇന്നത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ്. ഓടത്തിൽ പള്ളി പരിസരത്തു നിന്നും കേവലം 200 വാര മാത്രം അകലത്തിലായിരുന്നു ഈ സ്ഥലം.

        ജട്ക്കാ സ്റ്റാൻഡിലെ കിണർ പൊതുജനത്തിനായി തുറന്നുകൊടുത്തതി ന്റെ ഉദ്ഘാടനം  സാധാരണക്കാരും ഉദ്യോഗസ്ഥരുമായ അനേകം പേർ പങ്കെടുത്ത പ്രൗഢവും ആഹ്ളാദനിർഭരവുമായ ഒരു പരിപാടിയായിരുന്നു. ജട്ക്കകളിൽ കൊണ്ടുവന്ന പഞ്ചസാര ചാക്കുകൾ   പുത്തൻ കിണറ്റിലെ തെളിനീരിലേക്ക് ചൊരിഞ്ഞ് ആവോളം മധുരം കോരിക്കുടിച്ച നാട്ടുകാർ ഓടത്തിൽപള്ളിയിലെ താഴികക്കുടസ്ഥാപന വേളയിലെ മധുരസ്മരണകൾ അയവിറക്കി. കേരളത്തിലെ ഏറ്റവും പഴക്കമുള്ള മുനിസിപ്പാലിറ്റികളിൽ ഒന്നായ തലശ്ശേരിയിലെ, തിരക്കേറിയ ബസ്റ്റാൻഡിൽ ഒന്നര നൂറ്റാണ്ടിലധികമായി വിവിധ മേഖലയിലും തരത്തിലുമുള്ള  നൂറുകണക്കിന്  പൊതുജനത്തിന് വേനലിലും മഴയിലും ഈ മുത്തശ്ശികിണർ  ദാഹജലം  നൽകിവരുന്നു. നഗരത്തിലെ വ്യാപാരി സംഘടനകൾ ഈയിടെയായി കിണറും പരിസരവും വൃത്തിയാക്കുകയും ആൾമറ നവീകരിച്ച് കമ്പിവലകൾ ഘടിപ്പിച്ച് ഭംഗിയാക്കുകയും 'പഞ്ചാര കിണർ' എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തലശ്ശേരിയിലെ സാധാരണക്കാരന്റെ ആരോഗ്യത്തിൽ തൽപരനായി, 1867-ൽസ്വന്തം കാശുപയോഗിച്ച് കിണർ നിർമ്മിച്ച് മുൻസിപ്പാലിറ്റിക്ക് ദാനം ചെയ്ത തഹസിൽദാർ ചൂര്യയി രാമന്റെ പേരിനു പകരം, " പഞ്ചാരകിണർ "എന്ന ബോർഡ് അനാഛാദനം ചെയ്ത മുൻസിപ്പാൽ ഭരണാധികാരിയുടെ നാമമാണ് ആൾമറയിൽ പതിച്ച മാർബിൾ ഫലകത്തിൽ കൊത്തിവെച്ചിരിക്കുന്നതെന്ന കാര്യം വിചിത്രമായിരിക്കുന്നു.
                   
        ചൊവ്വക്കാരൻ കുഞ്ഞമ്മദ്  കേയിയും  തഹസിൽദാർ ചൂര്യയി രാമനും ചെയ്ത പുണ്യകർമ്മങ്ങൾക്ക് മധുരത്തിന്റെ ഇതിഹാസങ്ങൾ രചിച്ചു കൊണ്ട് അവരുടെ പിൻഗാമികൾ നന്ദി പറഞ്ഞു. 1883 -ലെ ക്രിസ്മസ് കാലത്ത് അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഉടമ മർഡൊക് ബ്രൗൺ സായിപ്പിന്റെ കൈകളിൽ ഇന്ത്യയിൽ ഉണ്ടാക്കിയ ആദ്യത്തെ മധുരമേറിയ കേക്ക് മമ്പള്ളി ബാപ്പു സമ്മാനിച്ചപ്പോൾ തലശ്ശേരിയുടെ കീർത്തിയും മധുരവും ഇന്ത്യ മുഴുക്കെ പരക്കുകയായിരുന്നു ! ദശകങ്ങൾക്ക് ശേഷം 1951 -ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വ്യക്തിപരമായ അപേക്ഷയെ മാനിച്ച് അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തി ഹൈദരാബാദിലെ ബൊട്ടാണിക്കൽ സർവേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഏറ്റെടുത്തു കൊണ്ട് ,ദീർഘവും ഗഹനവുമായ ഗവേഷണങ്ങളിലൂടെ പത്മശ്രീ ഡോക്ടർ ഇ. കെ. ജാനകി അമ്മാൾ ലോകത്തിലെ ഏറ്റവും മധുരമേറിയ സങ്കരയിനം കരിമ്പ് കണ്ടുപിടിച്ചപ്പോൾ   തലശ്ശേരിയുടെ യശസ്സ് വാനോളം   ഉയരുകയാണുണ്ടായത്!തലശ്ശേരി ചേറ്റൻകുന്നിലെ ദിവാൻ ബഹദൂർ  ഇടവലത്ത് കക്കാട്ട് കൃഷ്ണന്റെയും കുറവായി ദേവിയുടെയും മകളായിരുന്നു പത്മശ്രീ ഇ. കെ. ജാനകി അമ്മാൾ.
           
        തലശ്ശേരിയുടെ ഗതകാലം അസൂയാർഹമായ എത്രയോ നേട്ടങ്ങളുടെ  കാലഘട്ടമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ എല്ലാ പുതുമകളും വിരിഞ്ഞത് തലശ്ശേരിയിലായിരുന്നു. ആദ്യത്തെ മലയാള പത്രവും നോവലും ചെറുകഥയും നിഘണ്ടുവും ചരിത്ര പുസ്തകവും ക്രിക്കറ്റും കഥകളിയും ഖുറാൻ പരിഭാഷയും ഈദ് ഗാഹും സർക്കസ്സ് കോളേജും കമ്മ്യൂണിസ്റ്റ് പാർട്ടിയും പതിനെട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്ന തലശ്ശേരി കോടതിയുമെല്ലാം ആ ചരിത്ര പാതയിലെ നാഴികക്കല്ലുകളാണ്!
        
        ലോകം ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും മധുരമുള്ള പഞ്ചസാര സംഭാവന ചെയ്തതിന്  തലശ്ശേരിക്ക് എന്നും അഭിമാനിക്കാം! അനുഗ്രഹ പുണ്യം ചൊരിഞ്ഞു കൊണ്ട് പഞ്ചാര കിണറുകൾ ഇനിയുമിനിയും തെളിനീർ ചുരത്തിടട്ടെ!








Comments