നെഹ്റു കുടുംബത്തിലെ തലശ്ശേരിക്കാരൻ
ലോകരാഷ്ട്രങ്ങൾക്ക് മീതെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കരിനിഴൽ മൂടി നിന്നിരുന്ന കാലത്ത് ബ്രിട്ടീഷുകാരുടെയും ഹിറ്റ്ലറുടെനാസിപ്പടയുടെയും നോട്ടപ്പുള്ളിയായി ,തടവറകളിൽ കുടുങ്ങിയും രക്ഷപ്പെട്ടും ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനായുള്ള വഴികൾ തേടി സാഹസികമായി ജീവിച്ച ഒരു മലയാളി പത്രപ്രവർത്തകനുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെയും നെഹ്റുവിന്റയും ഉറ്റസുഹൃത്തും, സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനിയുടെ ഭർത്താവുമായ ഒരു നയതന്ത്രജ്ഞൻ. 1933ൽ നാസികളുടെ ഏകാന്ത തടവിൽ രണ്ടുമാസം ഇദ്ദേഹത്തിന് കഴിയേണ്ടിവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പടയൊരുക്കങ്ങളുടെ ഭാഗമായി മുസ്സോളിനിയുമായി കൂടിക്കാഴ്ച ഒരുക്കാൻ സുഭാഷ്ചന്ദ്രബോസ് ഇദ്ദേഹത്തോടായിരുന്നു ആവശ്യപ്പെട്ടത്!
ലെനിനുമായും മുസ്സോളിനിയുമായും നല്ല ബന്ധം പുലർത്തുകയും ഒരേസമയം ഹിറ്റ്ലറുടെയും ബ്രിട്ടീഷുകാരുടെയും കണ്ണിലെ കരട് ആവുകയും ചെയ്ത ഈ വിപ്ലവകാരി, മലയാള സാഹിത്യ നഭസ്സിലെ ഉജ്ജ്വലനക്ഷത്രവും മദിരാശി നിയമസഭാംഗ വും പുരോഗമനവാദിയായ ജന്മിയും മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ "വാസനാവികൃതി '' യുടെ കർത്താവുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ (കേസരി നായനാർ.) പുത്രൻ എ. സി. എൻ. നമ്പ്യാർ എന്ന അറത്തിൽ കണ്ടോത്ത് നാരായണൻ നമ്പ്യാർ ആയിരുന്നു
.നയതന്ത്രജ്ഞനും പത്രപ്രവർത്തകനുമൊക്കെയായിരുന്ന ഇങ്ങനെയൊരു സ്വാതന്ത്ര്യസമര പോരാളി യെക്കുറിച്ച് സ്വാതന്ത്ര്യാനന്തര കേരളത്തിലെ പുതിയ തലമുറ തികച്ചും അജ്ഞരാണ്! 1896 ജൂൺ രണ്ടിന് തലശ്ശേരി പട്ടണ പ്രാന്തത്തിലെ എരഞ്ഞോളിയിൽ ജനിച്ച നാണു തലശ്ശേരി ഗവ .ബ്രണ്ണൻ കോളേജ്, മദിരാശി പ്രസിഡൻസി കോളേജ് ,മദിരാശി ലോ കോളേജ് എന്നിവിടങ്ങളിലെവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലണ്ടിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദങ്ങൾ നേടി. 1921ൽ ഇന്ത്യയിൽ തിരിച്ചെത്തിയ നാണുവിന് ബ്രിട്ടീഷ് സർക്കാർ ജോലികൾ വെച്ചു നീട്ടിയെങ്കിലും അദ്ദേഹം അവ സ്വീകരിച്ചില്ല .മദിരാശിയിലെ ജീവിതത്തിനിടയിൽ സരോജനി നായഡുവിന്റെ സഹോദരി സുഹാസിനി ചതോപാദ്ധ്യായയുമായി പ്രണയത്തിലാവുകയും സ്വന്തം വീട്ടുകാരുടെ അനിഷ്ടത്തോടെ സുഹാസിനിയെ ജീവിതസഖി ആക്കുകയും ചെയ്തു. സുഹാസിനിയുമൊത്ത് ലണ്ടനിലേക്ക് പോയ നാണു പത്രപ്രവർത്തനവും വിവർത്തനവും ജീവിതോപാധിയാക്കി ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി. സർക്കാരിന്റെ നോട്ടപ്പുള്ളിയായി മാറിയപ്പോൾ രണ്ടുപേരും ജർമനിയിലെ ബെർലിനിലേക്ക് ചേക്കേറി .ഇന്ത്യക്ക് പുറത്തുള്ള ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ആ കാലത്ത് ബർലിൻ. ലെനിന്റെ സുഹൃത്തും സുഹാസിനിയുടെ സഹോദരനുമായ വീരേന്ദ്രനാഥ ചതോപാധ്യായ (ഛട്ടു), സ്വാമി വിവേകാനന്ദന്റെ ഇളയ സഹോദരനും യുഗാന്തർ പ്രവർത്തകനുമായ ഭൂപേന്ദ്രനാഥ് ദത്ത,ചെമ്പകരാമൻപിള്ള ,താരാചന്ദ് റായ്തുടങ്ങിയ വിപ്ലവകാരികൾ ആയിരുന്നു നാണുവിന്റെ സുഹൃത്തുക്കൾ. പ്രധാന ദേശീയ-അന്തർദേശീയ പത്രങ്ങളിൽ നാണു തുടർച്ചയായി എഴുതിക്കൊണ്ടിരുന്നു. ബെർലിനിൽ നിന്നും അദ്ദേഹം പ്രസാധനം ചെയ്തിരുന്ന ഏഷ്യാറ്റിക് ട്രേഡ് റിവ്യൂ എന്ന പത്രത്തിന് ഇന്ത്യയിൽ വിലക്കുണ്ടായിരുന്നു. നാണുവിന്റെ തീക്ഷ്ണങ്ങളായ ലേഖനങ്ങൾ ബ്രിട്ടനെയും ഹിറ്റ്ലറെയും ഒരു പോലെ അലോസരപ്പെടുത്തി .എം എൻ റോയ് ,ഛട്ടു തുടങ്ങിയ കമ്യൂണിസ്റ്റ് വിപ്ലവകാരി കളുമായുള്ള ബന്ധം കാരണം നാണു റഷ്യൻ ചാരനാണെന്ന കിംവദന്തിയും പിൽക്കാലത്തുണ്ടായി .
1927 ഫെബ്രുവരിയിൽ ബ്രസ്സൽസിൽ വെച്ച് നടന്ന ലോക കോളനി വിരുദ്ധ സമ്മേളനത്തിൽ ഇന്ത്യയെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും പ്രതിനിധീകരിച്ച് പങ്കെടുത്തത് ജവഹർലാൽ നെഹ്റുആയിരുന്നു. സമ്മേളനനഗരിയിലാകെ നിറഞ്ഞുനിന്ന ഒരു ചെറുപ്പക്കാരന്റെ ഇംഗ്ലീഷിലും ജർമ്മനിലും ഫ്രഞ്ചിലും ഉള്ള വാഗ്ദ്ധോരണിയിൽനെഹ്റുആകൃഷ്ടനായി. സമ്മേളന പ്രതിനിധികളോട് വിവിധ ഭാഷകളിൽ അനായാസം ആശയവിനിമയം നടത്തിയ ആ ചെറുപ്പക്കാരൻനെഹ്രുവിനോട് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ''കോൾ മി നാണു '' (എന്നെ നാണുവെന്ന് വിളിക്കാം). ഗാഢമായഒരു സ്നേഹബന്ധം അവിടെ തുടങ്ങുകയായിരുന്നു.
നെഹ്റു കുടുംബത്തിന്റെ ചരിത്രം ആധുനിക ഇന്ത്യയിൽ അറിയാൻ തുടങ്ങുന്നത് മോട്ടിലാൽ നെഹ്റുവിൽ നിന്നാണ്. അലഹബാദിലെ
ധനാഢ്യനായ വക്കീലായിരുന്ന അദ്ദേഹം കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് ജാതനായ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ആദ്യകാല വക്താക്കളിൽ പെടുന്ന അദ്ദേഹം രണ്ടുപ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറ് ആയിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ പത്താം വാർഷിക ആഘോഷ ചടങ്ങുകളിൽ ക്ഷണിതാവായി മോസ്ക്കോവിലേക്കുള്ള യാത്രയ്ക്കിടയിൽ 1927 നവംബറിൽ അദ്ദേഹം ബർലിനിലെത്തി. പുത്രൻ ജവഹരിലാലും കമല, കൃഷ്ണ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അലഹബാദിൽ താൻ നിർമ്മിക്കുന്ന ഭവനത്തിനുള്ള ചില ആഡംബര സാമഗ്രികൾ വാങ്ങുക എന്ന ഉദ്ദേശവും ഈ ജർമ്മൻ യാത്രക്കുണ്ടായിരുന്നു. ജർമ്മ നിയിലെ പ്രസിദ്ധമായ ആൽഡൺ ഹോട്ടലിലെ താമസത്തിനിടയിൽ നെഹ്റു കുടുംബവുമായി അടുത്തിടപഴകാൻ നാണുവിന് അവസരമുണ്ടായി .ബ്രസൽസ് സമ്മേളനത്തിൽ വെച്ച് ജവഹർലാലിനെ പരിചയപ്പെട്ടിരുന്നുവെങ്കിലും കുടുംബത്തോടൊപ്പമുള്ള ഈ രണ്ടാം വരവ് ആ സുഹൃത്ത് ബന്ധത്തിന്റെകെട്ടുറപ്പിനെ കൂടുതൽ ആ ദൃഢമാക്കി തീർക്കുകയും തലമുറകളിലേക്ക് നീളുന്ന ഒരു അനശ്വര സ്നേഹബന്ധത്തിന് അത് വഴി തെളിയിക്കുകയും ചെയ്തു.
1934ൽചെക്കോസ്ലോവാക്യയിലെപ്രാഗ് നഗരത്തിൽ വച്ചാണ് സുഭാഷ് ചന്ദ്രബോസും എ.സി .എൻ നമ്പ്യാരും കണ്ടുമുട്ടുന്നത്. നാസികളുടെ നോട്ടപ്പുള്ളിയായി ജർമനിയിൽ നിന്നും നാടുകടത്തപ്പെട്ട് ആയിടെയായിരുന്നു നമ്പ്യാർ പ്രാഗിലെത്തിയത്." കോൾ മി നാണു " എന്ന് പറഞ്ഞു കൊണ്ട് ഔപചാരികത ഒന്നും കൂടാതെ നമ്പ്യാർ ബോസിനെ വരവേറ്റു. ജർമനിയിൽ വ്യാപകമായി വേരുകളുള്ള സാഹസികനായ ഈ യുവാവിനെ ബോസ് തേടുകയായിരുന്നു .പാലസ് ഹോട്ടൽ എന്ന വലിയ പേരുള്ള പ്രാഗിലെ ഒരു ചെറിയ ഹോട്ടലിലായിരുന്നു ബോസ് താമസിച്ചിരുന്നത്. ഹോട്ടൽ പുൽത്തകിടിയിൽ മണിക്കൂറുകളോളം നടന്നുകൊണ്ട് ബോസും നാണുവും ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങൾ നെയ്തു. സാഹസികരായ രണ്ടു വിപ്ലവകാരികളുടെ ഗാഢമായ മറ്റൊരു സുഹൃത്ത് ബന്ധം വേരുപിടിക്കുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് മുസോളിനി ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്താൻ ബോസ് നാണുവിനെയാണ് ചുമതലപ്പെടുത്തിയത് .ജപ്പാനിലേക്ക് പോകുന്നതിനു മുമ്പായി ബോസ് നാണുവിനെ തന്റെ പിൻഗാമിയായി അവരോധിച്ചു.
ജീവിതത്തിന്റ നല്ലകാലമധികവും നെഹ്റു ജയിലുകളിൽ ആയിരുന്നു. അവധിക്കാലത്ത് വീട്ടിലേക്ക് വരുന്ന സർക്കാർ ഉദ്യോഗസ്ഥനെപ്പോലെ അൽ മൂറയിലെയും ഡെറാഡൂണിലെയും മിഡ്നാപ്പൂരിലെയും സെൻട്രൽ ജയിലുകളിൽ നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് അദ്ദേഹം ഇറങ്ങിവരികയും കുറ്റപത്രങ്ങളുടെ ഭാണ്ഡങ്ങളും ഏറ്റുവാങ്ങി തിരിച്ചുപോവുകയും ചെയ്തു. അലഹബാദിലെ കൊട്ടാര സദൃശമായ ആനന്ദഭവനിൽ രാജകുമാരനെപ്പോലെ വാഴേണ്ടിയിരുന്ന ആ ധനാഢ്യപുത്രൻ വർഷങ്ങളോളം കാരാഗൃഹങ്ങൾക്ക കത്തായിരുന്നു .ആസ്തമാരോഗിയായ പിതാവ് മോട്ടിലാൽ നെഹ്റു
1931 ൽ നിര്യാതനായതിന്റെ ദുഃഖം മാഞ്ഞു വരുന്നതിനു മുമ്പേ മാതാവ് സ്വരൂപ റാണിയും വിടപറഞ്ഞത് നെഹ്റുവിന് കനത്ത പ്രഹരമായി. ആയിടക്കാണ് പ്രിയപത്നി കമലയും രോഗശയ്യയിൽ ആവുന്നത് .പുത്രി ഇന്ദുവിന്റെ ചടച്ച ശരീരപ്രകൃതിയും ആരോഗ്യമില്ലായ്മയും നെഹ്റുവിനെ ഏറെ വ്യാകുല പ്പെടുത്തിക്കൊണ്ടിരുന്നു .
വിദഗ്ധ ചികിത്സക്കായി കമലയെ യൂറോപ്പിലേക്ക് കൊണ്ടുപോകണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അൽമോറ ജയിലിൽനിന്നും പ്രാഗിൽ ഉള്ള പ്രിയസുഹൃത്ത് നാണുവിന് നെഹ്റു കത്തയച്ചു .1935 മെയ് മാസത്തിൽ പുത്രി ഇന്ദിര ,സഹോദരൻ ഡോക്ടർ അടൽ, കുടുംബഡോക്ടർ എന്നിവരോടൊപ്പം എത്തിയ രോഗിണിയായ കമലയെ സുഭാഷ് ചന്ദ്രബോസും നാണുവും ചേർന്ന് സ്വീകരിച്ചു. വിദ്യാർഥിനിയായ ഇന്ദിരയെ നാണു ആദ്യമായി കാണുകയായിരുന്നു.
രോഗംമൂലം അവശയായിരുന്ന കമലയുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തങ്ങി നിന്നിരുന്നു .ശസ്ത്രക്രിയ ആവശ്യമായി വന്നതിനാൽ വിയന്നയിൽ നിന്നും കമലയെ ബെർലിനിലേക്ക് കൊണ്ടുപോകേണ്ടി വന്നു. നാസി ജർമനിയിൽ പ്രവേശിക്കുന്നതിന് തനിക്കുണ്ടായിരുന്ന വിലക്കിനെ മറികടന്ന് കമലയോടൊപ്പം നാണു കൂട്ടുനിന്നു .ലൂസി ഗ യിസ്‌ലർ എന്ന തന്റെ പരിചയക്കാരിയെയും കമലയുടെ സഹായത്തിനായി നാണു ഏർപ്പെടുത്തി .ശസ്ത്രക്രിയയ്ക്കുശേഷം സ്വിറ്റ്സർലൻഡ് അതിർത്തിയായ ബേയ്ഡൺ വേയ്ലർ സാനറ്റോറിയ ത്തിലേക്ക് കമലയെ മാറ്റിയതിനുശേഷം നാണു പ്രാഗിലേക്ക്തിരിച്ചു .ഏറെനാൾ കഴിയുന്നതിനു മുമ്പേ നാണുവിന് വീണ്ടും ബേയ്ഡൺ വെയിലറിൽ എത്തേണ്ടിവന്നു. പരോൾ അനുവദിക്കപ്പെട്ട നെഹ്റുവും ഇന്ത്യയിൽനിന്ന് അവിടെ എത്തിയിരുന്നു. കമലയുടെ ആരോഗ്യസ്ഥിതി മോശമായി ക്കൊണ്ടിരുന്നതിനാൽ ഇന്ദിരയോട് വീണ്ടും ആശുപത്രിയിലെത്താൻ നെഹ്റു എഴുതി.
ഇന്ദിരയുടെയും നെഹ്റുവിന്റെയും നാണുവിന്റെയും സാമിപ്യം കമലയ്ക്ക് ഏറെ ആശ്വാസദായകമായെങ്കിലും ശമനൗഷധങ്ങൾ ഏൽപ്പിച്ച തളർച്ചയിൽ അധികനേരവും അവർ മയക്കത്തിലായി. ഇന്ത്യ മുഴുക്കെ നടന്നുകൊണ്ടിരുന്ന സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ, നെഹ്റുവിനെ പറ്റിയുള്ള ഉൽക്കണ്ഠ , ഇന്ദുവിന്റെ വിദ്യാഭ്യാസം ,കല്യാണം തുടങ്ങി ഒട്ടേറെ വ്യാകുലചിന്തകൾ ഏറെ തളർന്ന അവരുടെ ശരീരത്തെയും മനസ്സിനെയും കഠിനമായി പീഡിപ്പിച്ചു കൊണ്ടിരുന്നു. അതിനിടയിലായിരുന്നു നെഹ്റുവിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത വിവരം രാജേന്ദ്രപ്രസാദ് അറിയിക്കുന്നത് .നെഹ്റു ധർമ്മസങ്കടച്ചുഴിയിലായി. രോഗശയ്യയിൽ അവശയായി കിടക്കുന്ന ഭാര്യ ഒരു വശത്തും കോടിക്കണക്കായ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തോട് പോരാടി കൊണ്ടിരിക്കുന്ന ഒരു മഹാ പ്രസ്ഥാനത്തിന്റെ ചുക്കാൻ പിടിക്കാൻ ആവശ്യപ്പെടുന്ന രാജ്യം മറുവശത്തും ! കമലയെ അഭിമുഖീകരിക്കാൻ കഴിയാതെ നെഹ്റു പ്രിയ സുഹൃത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു .കമല എല്ലാം അറിയുന്നുണ്ടായിരുന്നു. തന്റെ ഇംഗിതം അറിയാനായി രോഗശയ്യക്കരികിലെത്തിയ നാണുവിന്റെ ചെവികളിൽ കമലയുടെ ചിലമ്പിച്ച ദുർബലമായ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു വീണു ."എനിക്കറിയാം താങ്കൾ വന്നത് എന്തിനാണെന്ന കാര്യം. അദ്ദേഹത്തോട് ഇന്ത്യയിലേക്ക് പോയി ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറയുക! എനിക്ക് കുഴപ്പമൊന്നുമില്ല താങ്കൾ ഇവിടെ ഉണ്ടല്ലോ".
ആരോഗ്യസ്ഥിതി അല്പം മെച്ചമാ യപ്പോൾ കമലയെ സ്വിറ്റ്സർലണ്ടിലെ ലോസ ന്നയിലേക്ക് മാറ്റിയെങ്കിലും 1936 ഫെബ്രുവരി അവസാനത്തിൽ അപ്രതീക്ഷിതമായി രോഗം മൂർച്ഛിക്കുകയും ഇന്ദുവിനെ നെഹ്റുവിന്റെയും നാണുവിന്റെയും കൈകളിൽ ഏൽപ്പിച്ച് കമല യാത്ര പറയുകയും ചെയ്തു !ലോസന്നയിൽ തന്നെ കമലയുടെ സംസ്കാരം നടത്തിയശേഷം ചിതാഭസ്മവുമായി നെഹ്റു ഇന്ത്യയിലേക്ക് മടങ്ങി .ആലിപ്പൂർ ജയിലിലെ തടവു മുറി പരോളും കഴിഞ്ഞു തിരിച്ചു വരുന്ന നെഹ്റുവിനെയും കാത്തിരിക്കുകയായിരുന്നു . അലഹബാദിലെ ഈ ധനാഢ്യ പുത്രൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തതിന്റെ പേരിൽ ഒൻപത് വർഷങ്ങളോളം ഇന്ത്യയിലെ വിവിധ ജയിലുകൾക്കകത്തായിരുന്നു ;കൃത്യമായി പറഞ്ഞാൽ 3259 ദിവസങ്ങൾ !
കമലയുടെ നിര്യാണത്തിന്നു മുൻപുതന്നെ നെഹ്റുവും നാണുവും തമ്മിൽ കത്തിടപാടുകൾ ഉണ്ടായിരുന്നു .പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഊഷ്മളത തങ്ങി നിന്നിരുന്ന ആ കത്തുകൾ അത്രയും ആരംഭിച്ചിരുന്നത് 'മൈ ഡിയർ നാണു ' , 'മൈ ഡിയർ ജവഹർ 'എന്നീ സംബോധനകളോടെയായിരുന്നു. ഇന്ദിരയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നെഹ്റുവിനുണ്ടായിരുന്ന തെറ്റിദ്ധാരണകളെ അവഗണിച്ച നാണു ,ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ചേരാനുള്ള പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കാൻ അമ്മക്ക് കൂട്ടിരിക്കാൻ വന്ന വേളയിൽ തന്നെ ഇന്ദിരയെ സജ്ജമാക്കിക്കൊണ്ടിരുന്നു. ഇന്ദിരയുടെ പ്രതിഭയും സർഗ്ഗ സിദ്ധിയും മനസ്സിലാക്കിയ നാണു ,ഏതെങ്കിലും വിദേശ ഭാഷ പഠിക്കാൻ നിഷ്കർഷിക്കുകയും റഷ്യൻ ഭാഷയായിരിക്കും ഉത്തമമെന്ന് ഇന്ദിരയെ ബോധ്യപ്പെടുത്തുകയും ചെയ്തു. പിൽകാലത്ത് അൽമോറ ജയിലിൽനിന്ന് ഇന്ദുവിനയച്ച ഒരു കത്തിൽ അവളുടെ വിദ്യാഭ്യാസകാര്യത്തിൽ നാണുവിന്റെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നുവെന്ന് നെഹ്റു സ്മരിക്കുന്നുണ്ട് .നാണു നെഹ്റു കുടുംബത്തിലേക്ക് അറിയാതെ അലിഞ്ഞു ചേരുകയായിരുന്നു .അമ്മയെ നഷ്ടപ്പെട്ട ഇന്ദുവിന് പകരം കിട്ടിയത് പിതൃ സമാനനായ ഒരു രക്ഷിതാവിനെയും ബുദ്ധി വിശാരദനായ ഒരു മാതുലനെയും ഒരു ആത്മാർത്ഥ സുഹൃത്തിനെയുമായിരുന്നു .നാണു അങ്കിളിനെ ഇന്ദിരക്ക് ഏറെ ഇഷ്ടമായി. സ്വാതന്ത്ര്യസമരത്തിന്റെ വറചട്ടിയിൽ കിടന്നു നീറിക്കൊണ്ടിരുന്ന നെഹ്റുവിന്ന് അത് ഏറെ ആശ്വാസമേകി .തന്റെ സാഹസിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലും ഒളിച്ചോട്ടങ്ങൾ ക്കിടയിലും സ്വപുത്രിയോട് ഉള്ളതിനേക്കാൾ അവധാനതയോടെ നാണുവിന്റെ കണ്ണുകൾ ഓക്സ്ഫോർഡിൽ ആയാലും സൂറിച്ചിൽ ആയാലും ഇന്ദിരയുടെ പിറകെ ഉണ്ടായിരുന്നു .മാതാവിൽ നിന്നും പിതാവിൽ നിന്നും ആവോളം ലഭിക്കാൻ ഇടവരാതെ പോയ ആ സ്നേഹ സാന്ത്വനവും വാത്സല്യവും ഏറ്റുവാങ്ങിയതിന്റെ നന്ദി ഒരിക്കലും വാർന്നു പോകാതെ ഇന്ദിര എക്കാലവും നെഞ്ചിലേറ്റി .പിന്നീട് അവൾ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയാ യപ്പോഴും ആരാധ്യയായ ലോകനേതാവായ പ്പോഴും നാണു അങ്കിളിനെ കുറിച്ചുള്ള ക്ഷേമാന്വേഷണവും കരുതലും ഒരിക്കലും മുടങ്ങിയില്ല .
നാണുവിന് തലശ്ശേരിയിലെ തന്റെ ബാല്യത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ വിരളമായിരുന്നു .ധാരാളം കുടുംബാംഗങ്ങളും വേലക്കാരും ബഹളങ്ങളും നിറഞ്ഞ വലിയ തറവാട്. ജന്മിയും രാഷ്ട്രീയക്കാരനും സാഹിത്യ കാരനുമൊക്കെയായിരുന്ന പ്രതാപിയായ അച്ഛൻ .അച്ഛനുമായും പിന്നീട് മൂത്ത സഹോദരൻ മാധവനുമായും (പ്രൊഫ.എം.എ. കാൻഡത്ത് )ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ .അയവിറക്കാൻ തക്ക മധുരാനുഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ എതിർപ്പോടെ സുഹാസിനിയു മായുള്ള പരിണയവും ഏറെ താമസിയാതെ സംഭവിച്ച ആ ബന്ധത്തിന്റെ ദുഃഖ പര്യവസാനവും മറ്റൊരു ദുരന്ത സ്മരണയായി .
നാണുവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് നെഹ്റുവിന് നല്ല ബോധ്യമുണ്ടായിരുന്നു . ഒരിക്കൽ നെഹ്റു തനിക്ക് അയച്ചു തന്ന പണത്തിനെക്കുറിച്ച് ഏറെ വൈകാരികതയോടെ ഒരു കത്തിൽ നാണു പരാമർശിക്കുന്നുണ്ട് .1938 മാർച്ചിൽ എഴുതിയ ആ കത്ത് യൂറോപ്പിലെ രാഷ്ട്രീയ സ്ഥിതികൾ, സ്പെയിനിലെ സായുധ കലാപം മുതലായ നിരവധി കാര്യങ്ങൾ പരാമർശിച്ച ശേഷം ''ഇത്രയേറെ തിരക്കിലും സമ്മർദ്ദങ്ങൾക്കും ഇടയിൽ താങ്കൾ എന്നോട് കാണിക്കുന്ന സഹോദരതുല്യമായ കരുതലും പരിഗണനയും എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു ''എന്ന വരികളോടെയാണ് അവസാനിക്കുന്നത്. നാണുവിനെ സ്വന്തമാക്കാൻ നെഹ്റുവും ബോസും ഏറെ താല്പര്യമെടുത്തു .'ഡിയർ മിസ്റ്റർ നമ്പ്യാർ 'എന്ന സംബോധനയോടെ എത്തുന്ന ബോസിൻറെ അപൂർവങ്ങളായ കത്തുകളിൽ തീവ്രവും ഉദ്വേഗതനിറഞ്ഞതുമായ രാഷ്ട്രീയ കാര്യങ്ങളായിരിക്കുമേറെയും . ''മൈഡിയർ നാണു " എന്ന വിളിയോടെ അധികവും ജയിലറകളിൽനിന്നും വന്നിരുന്ന നെഹ്റുവിന്റെ കത്തുകളിൽ വ്യക്തിപരമായ അന്വേഷണങ്ങൾക്കും ഉൽക്കണ്ഠകൾക്കും ഏറെ സ്ഥാനമുണ്ടായിരുന്നു .നാണു ബോസിനെ ആരാധനയോടെ സ്നേഹിക്കുന്നുണ്ടെന്ന് നെഹ്റുവിന് അറിയാമായിരുന്നെങ്കിലും അവർ തമ്മിലുള്ള അചഞ്ചലമായ സ്നേഹ വിശ്വാസ വിശ്വാസത്തിന്റെ ഊഷ്മളതയ്ക്ക് അത് ഒരു കുറവും വരുത്തിയില്ല .
നെഹ്റുവിനെ ഏറെ സ്വാധീനിച്ച മലയാളി ആരാണെന്ന അന്വേഷണത്തിന് നമ്മൾ പതിവായി പറയാറുള്ളത് വി കെ കൃഷ്ണമേനോൻ എന്ന പേരാണ്. സ്വാതന്ത്ര്യത്തിന്റെ പ്രകാശരശ്മികൾ ഇന്ത്യൻ ചക്രവാളത്തിൽ തെളിയാൻ തുടങ്ങിയപ്പോൾ തന്നെ നെഹ്റു നാണുവിനെ തേടാൻ തുടങ്ങിയിരുന്നു. നാണുവിനെ സഹായിക്കാനും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനും ആയി കൃഷ്ണമേനോനെ നെഹ്റു നിയോ
ഗിച്ചെങ്കിലും ആ ദൗത്യം വിജയിച്ചില്ല .മേനോൻ തന്നെ സമീപിച്ചിരുന്നില്ലെന്നും നെഹ്റുവുമായി ആരെങ്കിലും കൂടുതൽ അടുക്കുന്നത് മേനോൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പിന്നീട് തന്നെ കാണാൻ നെഹ്റു നിയോഗിച്ച എം.കെ വെള്ളോടി യുമായുള്ള അഭിമുഖത്തിൽ നാണു പരാമർശിക്കുന്നു ണ്ട്.
ഏറെ കുഴഞ്ഞുമറിഞ്ഞതും ദുരിതമയവുമായ അവസ്ഥയിൽ ഇന്ത്യയിലേക്ക് ചേക്കേറാൻ നാണു ഇഷ്ടപ്പെട്ടില്ല . ബ്രിട്ടീഷ് കോയ്മയിൽ നിന്നും ഇന്ത്യ സ്വയം ഭരണത്തിലേക്ക് നീങ്ങിയതിന്റെ സന്തോഷത്തോടെ സൂറിച്ചിലോ ജനീവയിലോ പത്രപ്രവർത്തനം തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വെള്ളോടി മുഖാന്തരം നാണു നെഹ്റുവിനെ അറിയിച്ചു. വൈവിധ്യപൂർണമായ അനുഭവസമ്പത്തിന്റെ ഉടമയായ നാണുവിന്റെ സേവനം സ്വതന്ത്ര ഇന്ത്യയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഏറ്റവും നന്നായി അറിയാവുന്ന നെഹ്റു പിൻവാങ്ങിയില്ല .ഒടുവിൽ നെഹ്റുവിന്റെയും ഇന്ദിരയുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കാൽനൂറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന്നു ശേഷം 1948ൽ നാണു ഇന്ത്യയിലേക്ക് തിരിച്ചു. ബോംബെയിൽ കാലുകുത്തിയ നാണു കൃഷ്ണാ ഹഥീസിങ്ങിന്റെ (നെഹ്റുവിന്റെ സഹോദരി) വസതിയിൽ തങ്ങി ,പിന്നീട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി .പിൽക്കാലത്ത്ഡൽഹിയിൽ വരുമ്പോഴൊക്കെയും നെഹ്റുവിന്റെ കൂടെയായിരുന്നു താമസം.
നാണു അങ്കിളിന്റ തിരിച്ചുവരവിൽ ഇന്ദിരയായിരുന്നു ഏറ്റവുമധികം ആഹ്ളാദിച്ചത്. മാറിയ ഇന്ത്യൻ അവസ്ഥയോട് ഒത്തുപോകാൻ നാണുവിന് കഴിയുമോ എന്ന് നെഹ്റു ശങ്കിച്ചിരുന്നു.നിരവധി വിഐപികളുമായി നാണുവിന് പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും നെഹ്റു തന്നെ മുൻകൈയെടുത്തു. കൽക്കത്തയിലെ ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡ് പത്രം നല്ല വ്യവസ്ഥകളോടെ അവരുടെ കറസ്പോണ്ടന്റായി നിയമിക്കാൻ തയ്യാറായെങ്കിലും നാണുവിന്റെ മനസ്സിൽ നിറയെ സ്വിറ്റ്സർലണ്ടിലെ പത്രപ്രവർത്തനവും ജീവിതവും പച്ച പിടിച്ചു നിൽക്കുകയായിരുന്നു .ഒരു മാസത്തെ ജീവിതത്തിനുശേഷം സൂറിച്ചിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ച നാണുവിനോട് കെപിഎസ് മേനോനെ കാണമെന്ന് നെഹ്റു നിർദ്ദേശിച്ചു .സ്വിറ്റ്സർലണ്ടിലെ ഇന്ത്യയുടെ ഉപദേഷ്ടാവായി നാണുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവുമായി വിദേശകാര്യ സെക്രട്ടറി കെ പി എസ് മേനോൻ കാത്തിരിക്കുകയായിരുന്നു! ഉത്തരവാദിത്വങ്ങൾ ഏറെയൊന്നും ഇല്ലെങ്കിലും ഇതുവരെ തുടർന്നുവന്ന ശാന്തവും അലസവുമായ ദിനചര്യകളിൽ നിന്നുള്ള ഒരു മാറ്റം തന്നെ പൂർണമായി സന്തോഷവാനാക്കിയില്ലെങ്കിലും താൻ ആദരിക്കപ്പെട്ടതായി തോന്നിയെന്ന് പിൽക്കാലത്ത് നാണു അതിനെപ്പറ്റി പറയുന്നുണ്ട് .
പുതിയ നയതന്ത്ര ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് നെഹ്റു അയച്ച കത്തിൽ ആശംസകൾ നേർന്നതോടൊപ്പം തന്നെ ,തനിക്കയക്കുന്ന കത്തുകൾ പഴയതുപോലെ ഔപചാരിതകൾ ഇല്ലാതെ തന്നെ ആയിരിക്കണമെന്ന് നാണുവിനെ ഓർമ്മപ്പെടുത്തുന്നുണ്ട് .നാണുവിനെപ്പോലെ തനിക്കും പ്രായവും വ്യാകുലതകളും വർദ്ധിച്ചെന്നല്ലാതെ, പ്രധാനമന്ത്രി ആയതുകൊണ്ട് പ്രത്യേക മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് ദുഃഖഛവി കലർന്ന ഈണത്തിൽ നെഹ്റു കുറിച്ചിട്ടു .പിന്നീട് 1951 ൽ ഏറെക്കാലത്തെ യൂറോപ്യൻ ജീവിതത്തിൽ നിന്ന് നാണുവിന് ഒരു മാറ്റം നല്ലതായിരിക്കും എന്ന പ്രതീക്ഷയിൽ സിലോൺ ഹൈക്കമ്മീഷണറായി നിയമിച്ചെങ്കിലും യൂറോപ്പ് വിടാൻ തനിക്ക് താൽപര്യമില്ലെന്ന് അറിയിച്ചതിനാൽ നെഹ്റു പിൻവാങ്ങി.
റിട്ടയർമെന്റിന്റെ ഒരുക്കമെ ന്നോണം നാണു അൽപകാലം അവധിയിൽ പ്രവേശിച്ചു .ജനീവയിലെ കൊച്ചു ഫ്ളാറ്റിലായിരുന്നു താമസം .അതിനിടയിൽ ബേണിലെ സ്കൂളിൽ തന്റെ കുട്ടികളെ (രാജീവും ,സഞ്ജയും )ചേർക്കാൻ വന്ന ഇന്ദിര രണ്ടു ദിവസം കുട്ടികളോടൊപ്പം ആ ഫ്ളാറ്റിൽ കഴിഞ്ഞു .പ്രധാനമന്ത്രിയുടെ പുത്രിയായിട്ടും ജീവിത സൗകര്യങ്ങളിൽ ഒട്ടും താല്പര്യം കാണിക്കാതെ കുട്ടികളോടൊത്ത് തന്റെ ചെറിയ ഫ്ലാറ്റിൽ കഴിയാൻ തീരുമാനിച്ച ഇന്ദിരയോടുള്ള നാണുവിന്റെ സ്നേഹവും മതിപ്പും ഇരട്ടിച്ചു .ഇന്ദിരക്ക് എപ്പോഴെങ്കിലും സ്വകാര്യത ആവശ്യമായി വരുമ്പോൾ താൻ മുറിയിൽ നിന്നും പുറത്തിറങ്ങി നിൽക്കുകയാണ് ചെയ്യാറുണ്ടായിരുന്നതെന്ന് ഇന്ദിരയെക്കുറിച്ച് സ്നേഹാഭിമാനങ്ങളോടെ നാണു അനുസ്മരിക്കുന്നു!
നാണുവിന്റെ വിശ്രമജീവിതം ഏറെക്കാലം നീണ്ടു പോയില്ല. സ്വീഡന്റെ അംബാസഡർ ആയി നിയമിതനായ അദ്ദേഹത്തെ ഒരുവർഷത്തിനകം ഫെഡറൽ ജർമനിയുടെ അംബാസിഡറായി ഇന്ത്യൻ ഗവൺമെൻറ് നിയമിച്ചു. തന്നെ നാടുകടത്തിയ രാജ്യത്തിലെ അംബാസിഡർ ആയും, അറസ്റ്റ് ചെയ്യാൻ നിർദ്ദേശം കൊടുത്ത ബർലിനിലെ ഇന്ത്യൻ മിലിറ്ററി മിഷന്റെതലവനായും 1955 ൽ അധികാരമേറ്റപ്പോൾ നാണുവിന് സന്തോഷം തോന്നി . ഈ കാലയളവിലാണ് ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു നിർമ്മാണശാലകളിലൊന്നായ റൂർക്കേല സ്റ്റീൽ പ്ലാൻറ് ജർമൻ സഹകരണത്തോടെ ഇന്ത്യയിൽ സ്ഥാപിക്കാൻ നാണു -നെഹ്റു കൂട്ടുകെട്ട് തീരുമാനിച്ചത് !
മനസ്സും ശരീരവും റിട്ടയർമെൻറിനു നിർബന്ധിക്കുന്നു എന്നു തോന്നിയപ്പോൾ നെഹ്റുവിന്റെ സമ്മതത്തോടെ നാണു നയതന്ത്ര ചുമതലകള്ക്ക് വിടപറഞ്ഞു. സ്വതന്ത്രപത്ര പ്രവർത്തനവുമായി ആദ്യം ജനീവയിലേക്കും പിന്നീട് സൂറിച്ചിലേക്കും താമസം മാറ്റി. കത്തുകൾ പതിവുപോലെ തുടർന്നുകൊണ്ടിരുന്നു എന്ന് മാത്രമല്ല മറുപടി കിട്ടാൻ വൈകിയാൽ നെഹ്റു നാണു വിനോട് കെറുവിക്കാറുമുണ്ടായിരുന്നു! മടിയനായി ഇരിക്കാതെ ഊർജ്ജസ്വലനായി നടക്കാൻ അദ്ദേഹം നാണുവിനെ നിർബന്ധിച്ചു .
1960 ആദ്യം നാണുവിനെഴുതിയ കത്തിൽ ലഡാക്കിലും മറ്റു വടക്ക് കിഴക്കൻ മേഖലകളിലും ആധുനിക റോഡുകൾ നിർമ്മിക്കേണ്ടുന്ന പ്രാധാന്യത്തെപ്പറ്റി നാണു മുൻപ് പരാമർശിച്ചതിനും ഡോ.അസ്ടൽഡി എന്ന വിദഗ്ധനെ നിർദ്ദേശിച്ചതിനും നെഹ്റു നന്ദി പറയുന്നുണ്ട് . ചൈനയുമായുള്ള ബന്ധത്തിൽ ചെറിയ അസ്വാരസ്യങ്ങൾ കാണാൻ തുടങ്ങിയത് നെഹ്റുവിനെ ഏറെ വ്യാകുലപ്പെടുത്തി. ആരോഗ്യ പരിപാലനത്തെക്കുറിച്ച് നാണുവിനെ ഉപദേശിക്കുകയും സ്വന്തം ആരോഗ്യസ്ഥിതിയിൽ ഊറ്റം കൊള്ളുകയും ചെയ്യാറുള്ള നെഹ്റു 1962 ഏപ്രിലിൽ നാണുവിനയച്ച കത്തിൽ താൻ രോഗിയാവുകയാണോ എന്ന ഉൽക്കണ്ട പങ്കുവെക്കുന്നുണ്ട് .വൈകാതെ വന്ന മറുപടിയിൽ താങ്കൾ തീർച്ചയായും വിശ്രമിക്കണമെന്ന് മുൻപയച്ച കത്തിൽ സൂചിപ്പിച്ച കാര്യം നാണു വീണ്ടും നെഹ്റുവിനെയും ഇന്ദിരയെയും കർശനമായി ഓർമിപ്പിച്ചു . 1964 ആദ്യംതന്നെ നാണു നെഹ്റുവിനെ കാണാനെത്തി. തീൻമൂർത്തി ഭവനിലെ പുൽത്തകിടിയിലൂടെ ഭക്ഷണത്തിനു ശേഷമുള്ള നടത്തത്തിനിടയിൽ ആ വൃദ്ധ സുഹൃത്തുക്കൾക്ക് ചിലപ്പോൾ പരസ്പരം കൈപിടിച്ചു നടക്കേണ്ടി വന്നു !നാണു കുറച്ചു ദിവസങ്ങൾ നെഹ്റുവിനൊപ്പം തങ്ങി. ഇന്ദിരയ്ക്കുംമക്കൾക്കും നെഹ്റുവിനും സന്തോഷം നിറഞ്ഞ ദിവസങ്ങൾ .എ .സി. എൻ .നമ്പ്യാർ എന്ന പ്രവാസിക്ക് ജീവിതയാത്രയിൽ എപ്പോഴെങ്കിലും ഒന്ന് ചേക്കേറാനുള്ള കുടുംബവൃക്ഷം!
ജനീവയിലേക്ക് തിരിച്ചു പോകുന്ന നാണുവിനെ യാത്രയാക്കാൻ അതികാലത്ത് തന്നെ ,നാണുവിന്റെ വിലക്കുകൾ പോലും ഗൗനിക്കാതെ നെഹ്റു എഴുന്നേറ്റിരുന്നു .സുശീല നയ്യാർ സമ്മാനിച്ച വെളുത്ത ഷാളും പുതച്ച് 'അധികംവൈകാതെ തിരിച്ചുവരണം 'എന്ന നിർദ്ദേശത്തോടെ നെഹ്റു സുഹൃത്തിനെ 'യാത്രയാക്കി .മഹാത്മാ അവസാനനാളുകളിൽ ചുമലിൽ ഇട്ട് ഷാൾ ആയിരുന്നു അത്!
നാണുവിന് അതിവേഗം തന്നെ തിരിച്ചു വരേണ്ടി വന്നു . ഇന്ത്യയിലെ ജനകോടികളെ കരയിച്ചു കൊണ്ട് നാടിന്റെ നായകൻ അന്ത്യയാത്ര പറഞ്ഞു കഴിഞ്ഞിരുന്നു ! കാറ്റിലും മഴയിലും വെയിലിലും ,ഇന്ത്യയിലെ വയലേലകളിലും നദികളിലും തന്റെ ചിതാഭസ്മം വിതറണമെന്ന് കൂട്ടുകാർക്ക് ഒബ്യത്ത് എഴുതി വെച്ച്, നാടിന്റെ മണ്ണിലലിയാൻ കൊതിച്ചവൻ, തിൻമൂർത്തി ഭവനിലെ ശയ്യയിൽ അന്ത്യനിദ്രയിലാണ്ടു കഴിഞ്ഞിരുന്നു. തങ്ങളെ ഏറെ സ്നേഹിച്ചവന്റെ വേർപാടിൽ തേങ്ങിക്കൊണ്ട് ഗംഗയും യമുനയും തുംഗഭദ്രയും ശോകസംഗീതം പാടിക്കൊണ്ട് ഒഴുകി നീങ്ങി........!
നെഹ്റു കുടുംബാംഗങ്ങളുടെ നിരുപദ്രവങ്ങളായ പരാതികളും ആക്ഷേപങ്ങളും നിക്ഷേപിക്കുന്ന ഒരു പരാതിപ്പെട്ടിയായിരുന്നു നാണു .1927 ൽ ജർമ്മനിയിൽ വെച്ച് മോട്ടിലാൽ നെഹ്റുവിനെയും കുടുംബത്തിനെയും പരിചയപ്പെട്ടതിൽ പിന്നെ , അരനൂറ്റാണ്ടിലേറെക്കാലം നാലു തലമുറകളുമായി നാണു ഏറ്റവും അടുത്ത വ്യക്തി ബന്ധത്തിലായിരുന്നു. വിദേശത്തായിരുന്ന കാലത്തും ഇന്ത്യയിൽ വന്നപ്പോഴും നാണുവിനെയും തേടി നെഹ്റു കുടുംബത്തിൽ നിന്നും വരാറുള്ള അനേകം കത്തുകളിൽ ആരെയെങ്കിലും പറ്റി എന്തെങ്കിലും പരാതി പതിവുണ്ടായിരുന്നു. നെഹ്റുവിന്റെ പരാതിയും നെഹ്റുവിനെക്കുറിച്ചുള്ള പരാതിയും നെഹ്രുവിനോട് പറയാനുള്ള പരാതിയും എല്ലാം ആ കോടതി സ്വീകരിച്ചു .അമ്മ മരിച്ചതിനു ശേഷമുള്ള ആദ്യ അവധികാലത്ത് കോളേജിൽ നിന്നും ഇന്ദിര അയച്ച കത്തിൽ , ഒരു മാസം തീർച്ചയായും തന്റെ കൂടെ നിൽക്കാൻ അച്ഛനെക്കൊണ്ട് അങ്കിൾ പ്രോമിസ് ചെയ്യിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട് .പ്രധാനമന്ത്രി ആയതിൽ പിന്നെ ഭായി (നെഹ്റു )ആളാകെ മാറിയിരിക്കുകയാണെന്നും കൂടെപ്പിറപ്പുകളോട് അല്പം സംസാരിക്കാൻ പോലും ഭായിക്ക് സൗകര്യമില്ലെന്നും നാണുവിനയച്ച കത്തിൽ പരാതിപ്പെട്ടത് ,യു.എസ് .അംബാസഡർ വിജയലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു. സ്വന്തം ആരോഗ്യത്തെ ഭായി തീരെഅവഗണിക്കുകയാണെന്നായിരുന്നു കൃഷ്ണയുടെ ഒരു പരാതി .മത്തായിയും കൃഷ്ണമേനോനും ഭായിയെ അനാവശ്യമായി സ്വാധീനിക്കുന്നതിനെതിരെ രണ്ടു സഹോദരിമാരും രോഷാകുലരാകുന്നുണ്ട്. തന്റെ ചെറു മകന്റെ ( വരുൺ ) പിറന്നാൾദിനത്തിൽ പോലും അവനെ തന്റെ കൂടെ നിർത്താൻ അവന്റെ അമ്മ സമ്മതിച്ചില്ല എന്ന് നാണുവിനോട് പരാതി പറയുമ്പോൾ ഇന്ദിര വരുണിന്റെ അച്ഛമ്മ മാത്രമല്ല ഇന്ത്യയുടെ പ്രധാനമന്ത്രി കൂടിയായിരുന്നു !പിറന്നാൾ സമ്മാനവുമായി സ്കൂളിൽ ചെന്ന സോണിയെ കാണാൻ കുട്ടിയെ അനുവദിച്ചില്ല എന്നും ഇന്ദിര കത്തിൽ പരാതി പറയുന്നുണ്ട് .നെഹ്റു കുടുംബത്തിലെഎല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നാണുവിനെക്കുറിച്ച് ആർക്കും ഒരിക്കലുംഒരു പരാതിയും ഇല്ലായിരുന്നു. എല്ലാവർക്കും അദ്ദേഹം ഏറ്റവും വിശ്വസ്തനുമായിരുന്നു.
1927 ൽബ്രസ്സൽസിൽ വെച്ച് ജവഹർലാൽനെഹ്റു എ സി എൻ നമ്പ്യാർ എന്ന പത്രപ്രവർത്തകനെ പരിചയപ്പെട്ടിട്ടില്ലാ യിരുന്നെങ്കിൽ ഇന്ദിര എന്ന പെൺകുട്ടിയുടെ ജീവിതഗതി മറ്റേതെങ്കിലും പാതയിലൂടെ നീങ്ങി ,വിജയലക്ഷ്മിയുടെയും കൃഷ്ണയുടെയും മക്കളെപ്പോലെ ഉയർന്ന നിലയിൽ തന്നെ നല്ല കുടുംബിനിയായി സ്വിറ്റ്സർലൻഡിലോ ജർമ്മനിയലോ വിരാജിച്ചേനേ! വിദഗ്ധചികിത്സയ്ക്കായി വരുന്ന കമലയെ സഹായിക്കണമെന്ന അഭ്യർത്ഥനയോടെ ആലിപ്പൂർ ജയിലിലെ ഇരുമ്പഴികൾക്കുള്ളിലിരുന്ന് നെഹ്റു എഴുതിയ കത്തായിരുന്നു നാണുവിന്റെ പ്രേരക വസ്തു .നാണു ആ കത്തിലെ വരികൾക്കും അപ്പുറത്തേക്ക് ഒരു സഹോദരനെക്കാളും ആത്മാർത്ഥതയോടെ, ഒരു പിതാവിനെക്കാളും കരുതലോടെ പ്രവർത്തിച്ചത് അധികമാർക്കും അറിയാത്ത ചരിത്രം !
1966 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ഇന്ദിരാഗാന്ധി ആദ്യമായി ചെയ്ത കാര്യങ്ങളിലൊന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് നഗരത്തിലെ കൊച്ചു ഫ്ലാറ്റിൽ ഏകനായി താമസിക്കുന്ന വൃദ്ധനായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളി നാണു എന്ന എ സി എൻ നമ്പ്യാരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനും അദ്ദേഹത്തിന് വേണ്ടുന്നഎല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാനും ഇൻറലിജൻസ് വകുപ്പിനോട് നിർദ്ദേശിക്ക ലായിരുന്നു .
ഡൽഹിയിൽ നിന്നുള്ള നിർദ്ദേശ മായിരുന്നതിനാൽ ഇൻറലിജൻസ് വകുപ്പിന്റെ ഒരു കണ്ണ് ആ വൃദ്ധന്റെ സുരക്ഷയും ആരോഗ്യസ്ഥിതിയും ശ്രദ്ധിച്ചുകൊണ്ട് എപ്പോഴും പിറകിൽ തന്നെയുണ്ടായിരുന്നു. 1980 മുതൽ നാണുവിന്റെ ആരോഗ്യ സുരക്ഷാ ചുമതല ശ്രീ വാപാല ബാലചന്ദ്രൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണത്തിലായിരുന്നു. വി .പി .മേനോന്റെ ചെറു മരുമകനായ അദ്ദേഹം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സ്പെഷ്യൽ സെക്രട്ടറിയും നയതന്ത്രജ്ഞനും മുംബൈ ഭീകരാക്രമണ കേസന്വേഷണ സംഘാംഗവും ആയിരുന്നു. ഔദ്യോഗിക രഹസ്യാന്വേഷണ ജോലിക്കിടയിൽ ആണ് ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം എ സി എൻ നമ്പ്യാരുടെ ക്ഷേമാന്വേഷണചുമതലകൂടി ബാലചന്ദ്രന്റെ ഉത്തരവാദിത്വമാകുന്നത്. നാണുവിന്റെ ഏറ്റവുമടുത്ത കുടുംബാംഗത്തെപോലെ നിത്യവും അദ്ദേഹത്തെ സന്ദർശിക്കാനും ദിനചര്യകളിൽ ശ്രദ്ധിക്കാനും പരിചരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു .ആറു വർഷത്തോളം നീണ്ട ആ കർത്തവ്യം കാരണം സാഹസികതയും ആദർശശുദ്ധിയും നിറഞ്ഞ നാണുവിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്താനും, ചക്രവർത്തിമാരുടെയും ലോക നേതാക്കളുടെയും തോളുരുമ്മി നടന്ന ആ രാജ്യതന്ത്രജ്ഞന്റെ പണ്ഡിതോചിതമായ പത്രപ്രവർത്തന ശൈലിയുടെയും ജീവിതാ നുഭവങ്ങളുടെയും ചില ഏടുകൾ ഒപ്പിയെടുക്കാനും , വരുംതലമുറകളുടെ അറിവിലേക്ക് അവ പകർന്നു നൽകാനും ശ്രീ ബാലചന്ദ്രന് കഴിഞ്ഞു .ന്യൂഡൽഹി റോളി ബുക്സ് പ്രസിദ്ധീകരിച്ച A LIFE lN SHADOW അഥവാ The Secret Story of ACN Nambiar(A Forgotten Anti-colonial warrior)by VAPPALA BALACHANDRAN എന്ന പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നെഹ്റു കുടുംബത്തിന്റെ നാലു തലമുറകളെ ആഴത്തിൽ സ്വാധീനിച്ച ഈ തലശ്ശേരിക്കാരനെയോർത്ത് നമ്മൾ അത്ഭുതസ്തബ്ധരാകും !ചന്ദ്രബോസും നെഹ്റുവും ഇന്ദിരയും മറ്റ് നെഹ്റു കുടുംബാംഗങ്ങളും നാണുവിനയച്ച അനേകം കത്തുകളിൽ ചിലതും ഈ പുസ്തകത്താളുകൾക്കിടയിൽ കാണാം. ഇന്ദിരയുടെ കത്തുകളൊക്കെയും ആത്മാർത്ഥത ചാലിച്ചവയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവും ഭരണപരവുമായ തന്റെ അനേകം പ്രശ്നങ്ങൾക്കും ചിന്തകൾക്കും ഒരു പിതാവ് നൽകുന്നതിനേക്കാൾ കരുതലോടെ അദ്ദേഹം മാർഗനിർദേശങ്ങൾ നൽകി. നെഹ്റു ഇല്ലാത്ത ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അങ്കിളിന് താല്പര്യമില്ല എന്ന് അറിയാമായിരുന്നിട്ടും ഓരോ കത്തിലും ആ തിരിച്ചുവരവിനായി ഇന്ദിര അദ്ദേഹത്തിനു മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. 1980 ജൂലായിൽ സഞ്ജയ് ഗാന്ധിയുടെ അപകട മരണത്തെ തുടർന്ന് ഇന്ദിര നാണുവിനയച്ച കത്ത് ,ദുഃഖത്തിന്റെ ആഴക്കയത്തിൽ വീണുകിടക്കുന്ന നിരാലംബയായ ഒരു അമ്മയുടെ ദീനവിലാപമായിരുന്നു .1981 മാർച്ചിൽ ഇന്ദിരാഗാന്ധി നാണുവിനെ കാണാനായി സൂറിച്ചിലേക്ക് പോയി .അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നേരിൽ കാണാനായിരുന്നു ആ യാത്ര. ആ കൂടിക്കാഴ്ചയിൽ വെച്ചാണ് ഇന്ദിരയുടെ സുരക്ഷാ കാര്യത്തെ പറ്റിയുള്ള തന്റെ ഉൽക്കണ്ഠ നാണു അറിയിക്കുന്നതും ശ്രീ. ആർ എൻ കാവിനെ (RN Kao) സെക്യൂരിറ്റി ഉപദേശകനായി അദ്ദേഹം നിർദേശിച്ചതും.നാടിനു വേണ്ടി മരിക്കാൻ തനിക്ക് പേടിയില്ലെന്ന് ഇന്ദിര അഭിപ്രായപ്പെട്ടെങ്കിലും നാണുഅങ്കിളിന്റെ നിർദേശത്തെ അവർ പാലിക്കുക തന്നെ ചെയ്തു .സുവർണ്ണക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ സംഭവത്തിനൊക്കെ മുമ്പായിരുന്നു നാണുവിന്റെ ആ നിർദ്ദേശമെന്നത് ഏറെ പ്രസക്തമാണ്!
ഇന്ദിരയുടെ സമ്മർദ്ദത്തിനു വഴങ്ങി 1982ൽ നാണു ഇന്ത്യയിലെത്തിയെങ്കിലും ഏറെ കഴിയുന്നതിനു മുമ്പേ അദ്ദേ ഹം സൂറിച്ചിലേക്ക് തിരിച്ചു പോയി. ഇൻറലിജൻസ് ഓഫീസർ ശ്രീ രത്നാകര റാവു അദ്ദേഹത്തെ അനുഗമിച്ചു. ഇന്ത്യൻ ഭരണസംവിധാനവുമായോ രാഷ്ട്രീയ കേന്ദ്രങ്ങളുമായോ യാതൊരു ബന്ധവുമി ല്ലാത്ത ഒരു പ്രവാസി വൃദ്ധന്റെ വൈയക്തിക കാര്യങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി കാണിക്കുന്ന താല്പര്യത്തിൽ പലരും മുഖം ചുളിച്ചെങ്കിലും ഇന്ദിര അതൊക്കെ പാടെ അവഗണിക്കുകയാണുണ്ടായത്.
വാർദ്ധക്യവും ഏകാന്തതയും സൂറിച്ചിലെ കൊച്ചു ഫ്ലാറ്റിൽ നാണുവിനെ അലോസരപ്പെടുത്താൻ തുടങ്ങി. പ്രായം കൂടുംതോറും ആത്മവീര്യം കുറഞ്ഞുവരുന്നതായി ആ വിപ്ലവകാരിക്ക് തോന്നി .ഇന്ത്യയിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹം ബാലചന്ദ്രനെ അദ്ദേഹം അറിയിച്ചു .ഡൽഹിയിലെ ഉദയ പാർക്കിൽ നാണുവിന് വീടും പാചകക്കാരനും ഒരുങ്ങി. നീണ്ട അറുപത് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം എ സി എൻ നമ്പ്യാർ സ്വതന്ത്ര ഇന്ത്യയിൽ വീണ്ടും ചേക്കേറി.
നാണു അങ്കിളിന്റെ തിരിച്ചുവരവ് ഇന്ദിരയെ സന്തോഷിപ്പിച്ചെങ്കിലും അവരുടെ സുരക്ഷാ കാര്യത്തെപ്പറ്റി ആ വൃദ്ധനുണ്ടായിരുന്ന ഭയവും ആശങ്കയും ഒട്ടും അസ്ഥാനത്തായില്ല . പ്രധാനമന്ത്രിക്ക് വീട്ടിൽ വച്ച് വെടിയേറ്റു എന്ന വിവരം മുതിർന്ന ഇൻറലിജൻസ് ഉദ്യോഗസ്ഥൻ ശ്രീ എം കെ നാരായണൻ അറിയിച്ചത് കേട്ട് സ്തബ്ധനായി നിൽക്കുമ്പോഴാണ് ബാലചന്ദ്രന് നാണുവിന്റെ ഫോൺവിളി എത്തുന്നത്. ഇന്ദിരക്ക് വെടിയേറ്റു എന്നൊരു വാർത്ത ഫ്രാങ്ക്ഫർട്ടിൽ നിന്നും ആരോ വിളിച്ചു പറഞ്ഞുവെന്ന് അസാധാരണമായ ശബ്ദത്തിലാണ് ആ വൃദ്ധൻ പറഞ്ഞു തീർത്തത്. ബാലചന്ദ്രൻ ഓടിയെത്തുമ്പോൾ നാണു ,സമാശ്വസിപ്പിക്കാൻ ആവാത്തവിധം തറയിൽ വീണു കിടക്കുകയായിരുന്നു .ആറ് പതിറ്റാണ്ടുകൾക്ക് ശേഷം താൻ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കാരണക്കാരിയായ പ്രിയപ്പെട്ടവൾ ,താൻ ഭയപ്പെട്ട പോലെതന്നെ ഒരു ദുരന്തത്തിനിരയായത് ആ വൃദ്ധന് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. മാനസികമായും ശാരീരികമായും തളർന്നു പോയ അദ്ദേഹത്തിന്റെ ആരോഗ്യം അതിൽ പിന്നെ പൂർവ്വസ്ഥിതിയിൽ എത്തിയില്ല.
ഡൽഹിയിലെത്തിയ ആദ്യനാളു കളിൽ പല ഉന്നതന്മാരും നാണുവിനെ സന്ദർശിക്കാറുണ്ടായിരുന്നുവെങ്കിലും ഇന്ദിരയുടെ മരണശേഷം ആരുംതന്നെ അദ്ദേഹത്തെ അന്വേഷിച്ചു ചെന്നില്ല. ആശുപത്രിയിൽ കിടക്കുന്ന വേളയിൽ അദ്ദേഹത്തെ സന്ദർശിക്കാനായി പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പത്നി സോണിയയും എത്തിയപ്പോഴാണ് രോഗി വിവിഐപി ആണെന്ന കാര്യം ആശുപത്രി അധികൃതർ അറിയുന്നത് .ആരോഗ്യസ്ഥിതി വഷളായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 1986 ജനുവരി 17 ന് തൊണ്ണൂറാമത്തെ വയസ്സിൽ അദ്ദേഹം വിടപറഞ്ഞു .പ്രധാനമന്ത്രിയും പത്നിയും വീട്ടിലെത്തി അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു .സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പോരാടിയ ഒരു ധീര ദേശാഭിമാനിയെ രാജ്യത്തിന് നഷ്ടപ്പെട്ടുവെന്നാണ് ചരമക്കുറിപ്പിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി രേഖപ്പെടുത്തിയത് . ബന്ധുക്കളും ദൽഹിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കേ യമുനാ നദിക്കരയിലെ നിഘം ബോധ് ഘട്ടിൽ എ സി എൻ നമ്പ്യാർ എന്ന വിപ്ലവകാരി എരിഞ്ഞടങ്ങി !
ബന്ധുക്കളാരും അവകാശം ഉന്നയിക്കാത്തതിനാൽ നിയമപ്രകാരം നാണുവിന്റെ സ്വത്തുവകകൾ ''ഉടമസ്ഥനില്ലാത്തവ "എന്നപേരിൽ ഗുൽമോഹർ പാർക്ക് പോലീസ് താൽക്കാലിക സംരക്ഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി .പ്ലേറ്റോ ,ബൽസാക്ക് ചെക്കോവ് , വാൾട്ടർ സ്കോട്ട്, മോപസാങ്ങ് തുടങ്ങിയ വിശ്വ സാഹിത്യകാരന്മാരുടെ ഇംഗ്ലീഷ് ,ജർമൻ, ഫ്രഞ്ച് ഭാഷകളിലുള്ള അപൂർവ ഗ്രന്ഥങ്ങൾ, നെഹ്റുവിന്റെ തെരഞ്ഞെടുത്ത കൃതികൾ, ബാങ്ക് ഇടപാടുകളുടെരേഖകൾ, 1980 നുശേഷം ഇന്ദിരാഗാന്ധി അയച്ച അനേകം കത്തുകൾ അടുക്കിവെച്ച അഞ്ച് ഫോൾഡറുകൾ, ജർമ്മനി ,സ്വീഡൻ ,ഡൻമാർക്ക്, സ്വിറ്റ്സർലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ എംബസികളും സുഹൃത്തുക്കളും നൽകിയ വിലയേറിയ ഉപഹാരങ്ങൾ എന്നിവ അക്കൂട്ടത്തിലുണ്ടായിരുന്നു . എല്ലാറ്റിനുമുപരി ,'1958 ൽ രാജ്യം അദ്ദേഹത്തെ ആദരിച്ചപ്പോൾ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് നൽകിയ പത്മഭൂഷൻ മെ ഡാലിയനും അവയോടൊപ്പം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് മാറ്റപ്പെട്ടു !
രണ്ടാം ലോകമഹായുദ്ധവും ഇന്ത്യൻ സ്വാതന്ത്ര്യസമരവും തേരോട്ടം നടത്തിയ അദ്ദേഹത്തിന്റെ മനസ്സ് അന്തർദ്ദേശീയവും സാർവ്വദേശീയവുമായ നിരവധി നിഗൂഢതകളുടെ ഒരു നിക്ഷേപ ഖനിയായിരുന്നു .സ്വാതന്ത്ര്യപ്രാപ്തി യോടൊപ്പം നാണു ഇന്ത്യയിലേക്ക് തിരിച്ചു വന്നിരുന്നെങ്കിൽ ബോസിന്റെയും നെഹ്റുവിന്റെയും ഇന്ദിരയുടെയും ഇന്ത്യയിൽ ,അദ്ദേഹത്തിന് കീഴടക്കാൻ കഴിയാത്ത ഉയരങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല !
A.C.N Nambiar and Subash Chandra Bose
Photo 1 row 1 from Left: Nehru, Nanu, Indira
Photo 1 row 2: Motilal Nehru and Family
Photo 1 row 3: Nanu and Indira at a reception in Geneva
A life in Shadow
Comments
Post a Comment